ബിന്ദുവിന്റെ പേരിലുള്ള വില്‍പ്പത്രത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു
ചേര്‍ത്തല: ബിന്ദുവിനും സഹോദരന് പ്രവീണിനുമായിരുന്ന സ്വത്തുക്കള്‍ ബിന്ദുവിന്റെ മാത്രം പേരിലേയ്ക്ക് മാറ്റിയുള്ള വില്‍പ്പത്രത്തെ കുറിച്ച് പ്രവീണിന്റെ പരാതി പ്രകാരം പൊലിസ് അന്വേഷണമാരംഭിച്ചു. ചേര്‍ത്തല, പട്ടണക്കാട് സബ് രജിസ്റ്റാര്‍ ഓഫിസുകളില്‍നിന്ന് ഇതിന്റെ രേഖകള്‍ പൊലിസ് ശേഖരിച്ചു.
വില്‍പ്പത്രപ്രകാരം വിറ്റ വസ്തുക്കള്‍ വാങ്ങിയവരെ പൊലിസ് ചോദ്യം ചെയ്യും. അതേസമയം ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജ മുക്താര്‍ ചമച്ച കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കും. വ്യാജ എസ്.എസ്.എല്‍.സി ബുക്ക് നിര്‍മിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിത്. ബിന്ദുവിന്റെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട പ്രതി ഷണ്മുഖത്തെ മട്ടുപ്പാളയത്ത് എത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇയാള്‍ നേരത്തെ നടത്തിയിരുന്ന ഡ്രൈവിങ് സ്കൂളിലും വീട്ടിലുമാണു പരിശോധന നടത്തിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഡ്രൈവിങ് സ്കൂള്‍ നിര്‍ത്തിയതിനാല്‍ രേഖകളൊന്നും കിട്ടിയില്ല. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളെയും ചൊവ്വാഴ്ച കോടതിയില്‍ തിരികെ ഏല്‍പ്പിക്കും.
ബിന്ദു എം.ബി.എയ്ക്കു പഠിച്ച ചെന്നൈ ഭാരത് കോളജില്‍ അന്യേഷണം നടത്തുന്നതിനായി ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്ന നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പിയുടെ മൂന്നംഗ സംഘം ഞായറാഴ്ച വൈകിട്ട് ചെന്നൈയ്ക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."