പ്രതീക്ഷകളിലാണ് ജീവിതം
നൈരാശ്യം നാശോന്മുഖമാണ്. വിജയപരാജയങ്ങള്‍ മാറിമാറിവരുന്ന ഒരു പോര്‍ക്കളമാണ് ജീവിതം. ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളതെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നുണ്ട് (അല്‍ബലദ് 4). കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനും വൈതരണികളെ വൈദഗ്ധ്യപൂര്‍വം അതിജീവിക്കാനും മനസ് കരുത്താര്‍ജിക്കണം. പരാജയങ്ങളേറ്റുവാങ്ങാന്‍ മാത്രം ജീവിതം ബാക്കിവച്ച് സ്വന്തത്തെ എഴുതിത്തള്ളുന്ന പ്രകൃതം ആത്മഹത്യാപരമാണ്. പേടിത്തൊണ്ടന്മാര്‍ ചത്ത് ജീവിക്കുന്നവരാണ്. അത്തരക്കാര്‍ പരിസരങ്ങളെപ്പോലും മലീമസമാക്കും.
തോല്‍വികളെത്ര അഭിമുഖീകരിക്കേണ്ടിവന്നാലും ജയിച്ചേ ഞാന്‍ അടങ്ങൂ എന്ന വീറോടെ പരമാവധി ആത്മവിശ്വാസം സംഭരിച്ച് സധീരം മുന്നേറണം. എങ്കില്‍ അതിശയകരമായ വിജയങ്ങളിലേക്ക് കാലം നമ്മെ കൊണ്ടെത്തിക്കും. നൈരാശ്യം പകരുന്ന പിന്തിരിപ്പന്മാര്‍ക്ക് ചെവികൊടുക്കരുത്. അവര്‍ വലിയ അപകടകാരികളാണ്. 'ആളുകള്‍ നശിച്ചുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനാണ് അവരില്‍ വലിയ വിനാശകാരിയെന്ന് നബി(സ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്' (മുസ്‌ലിം). കാരണം അവന്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും ആളുകളെ നിരാശരാക്കുകയാണ്.
'അസ്തിത്വത്തെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു' (അശ്ശംസ് 9) എന്ന ഖുര്‍ആന്‍ വചനം ലളിതമായി വിജയവാതിലുകള്‍ തുറന്നു കാണിക്കുന്നുണ്ട്. പ്രതിലോമ വിചാരങ്ങളില്‍ നിന്ന് മനസ് മുക്തമാക്കി അല്ലാഹുവിനുവേണ്ടി സ്വന്തത്തെ സംസ്‌കരിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകുന്നവന് പുരോഗതിയുണ്ട്. അന്ധനായിരുന്നിട്ടും പാണ്ഡിത്യത്തിന്റെ പടവുകള്‍ കയറി ഹദീസ് പരിജ്ഞാനത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച മഹാനാണ് ഇമാം തുര്‍മുദി. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെ നാം കൈപിടിച്ചുയര്‍ത്തണം. ഭാവിയെക്കുറിച്ച് വലിയ സങ്കല്‍പങ്ങളുണ്ടാവണം. നിങ്ങള്‍ അല്ലാഹുവോട് ചോദിക്കുമ്പോള്‍ സ്വര്‍ഗത്തിലെ അത്യുന്നതമായ ഫിര്‍ദൗസ് തന്നെ ചോദിക്കണമെന്നാണ് തിരുദൂതര്‍ പഠിപ്പിച്ചിട്ടുള്ളത്.
പ്രതീക്ഷകളും പ്രത്യാശകളും സാക്ഷാല്‍ക്കാരത്തിന്റെ വിത്തുകളാണ്. വിടരാനിരിക്കുന്ന നാളേകളുടെ പൂമൊട്ടുകളാണ്. നന്മ ആശിക്കുക, ആശംസിക്കുക. ലോകത്തിന് ശുഭാപ്തി വിശ്വാസം പകരുക. നൈരാശ്യം നാശോന്മുഖമെങ്കില്‍ ശുഭപ്രതീക്ഷ ജീവിതമാണ്. ആത്മബലമാണ്. സമാധാനമാണ്.
അസ്തമയങ്ങള്‍ ഉദയത്തിന് വേണ്ടിയാണ്. വീഴ്ചകള്‍ ഉയര്‍ത്തെഴുന്നേല്‍പിനും. തോല്‍വികള്‍ വന്‍വിജയത്തിന്റെ മുന്നൊരുക്കത്തിനാണ്. ശിശിരത്തിനുശേഷം വസന്തം വിരുന്നെത്തും. ഓരോ ഇറക്കത്തിനും ഒരു കയറ്റമുണ്ട്. അസുഖത്തിനുമുണ്ടൊരു സുഖവും ശമനവും.
'എന്റെ ജീവിതം നായ നക്കി, കുളം തോണ്ടി, ഞാന്‍ അമ്പേ പരാജയപ്പെട്ടു, എനിക്കിനി നില്‍ക്കക്കള്ളിയില്ല. ദൈവം പോലും എന്നെ കൈവിട്ടു. ഞാന്‍ മഹാപാപിയാണ് 'എന്നിത്യാദി തോന്നലുകള്‍ മനസുകളെ രോഗാതുരമാക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. വിനാശങ്ങളിലേക്ക് വഴിനടത്തുന്ന ഇത്തരം വിപരീത വിചാരങ്ങളാണ് അപകടകാരികള്‍.
'അങ്ങ് പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും (അസ്സുമര്‍ 53). നബി (സ്വ) പറഞ്ഞു: 'അല്ലാഹു പറയുകയാണ്. എന്റെ അടിമ എന്നെക്കുറിച്ച് വിചാരിക്കുന്നിടത്താണ് ഞാന്‍. അവന്‍ എന്നെക്കുറിച്ച് നല്ലത് വിചാരിക്കുന്നുവെങ്കില്‍ ഞാനവന് നന്മയാകും. തിന്മയാണ് വിചാരിക്കുന്നതെങ്കിലോ അപ്രകാരവും' (അഹ്മദ്).
അല്ലാഹു തന്നെ കൈവിട്ടുവെന്ന് വിശ്വസിക്കുന്നിടത്ത് അവന്റെ പ്രീതിയും പൊരുത്തവും നഷ്ടമാവും. ആ വിശ്വാസ പ്രതീക്ഷ പ്രേരണയും പ്രചോദനവുമാണ്. കൂനിന്മേല്‍കുരുവായി വരുന്ന ദുരന്തങ്ങളുടെ പരാവര്‍ത്തനങ്ങളിലും ദുരിതങ്ങളുടെ പരിഭ്രമണങ്ങളിലും മനസ്സിന്റെ താളംതെറ്റാതെ പ്രതീക്ഷയുടെ തിരിനാളമണയാതെ പിടിച്ചുനില്‍ക്കാനാവണം. വിധിച്ചത് വഴിയില്‍ തങ്ങില്ല. എന്നാല്‍ വിധികള്‍ പര്യവസാനമല്ല. അവ പരീക്ഷണവും വിജയമാര്‍ഗവുമാണ്. അതിനാല്‍ ജീവിതത്തിന്റെ ഏതവസ്ഥയിലും പരമകാരുണികനായ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുക. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ പുലര്‍ത്തുക. ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അധ്വാനിക്കുക. നന്മയുടെ വഴിയേ നടന്ന് വിജയത്തിന്റെ വാതിലുകള്‍ മുട്ടുക.
നന്മയുടെ വഴിയില്‍ മുന്നിട്ടിറങ്ങുന്നവനു പ്രോത്സാഹനം നല്‍കണം. മംഗളം നേരണം. ശുഭപ്രതീക്ഷ പകരണം. ഒരു ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിക്കവേ വിജയി, വഴികാട്ടി എന്നിങ്ങനെയുള്ള അഭിസംബോധനകള്‍ കേള്‍ക്കല്‍ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. തങ്ങള്‍ അതില്‍ വിജയത്തിന്റെ ശുഭലക്ഷണം കണ്ടിരുന്നു. പ്രവാചകര്‍ (സ്വ) പഠിപ്പിച്ചു: ജ്യോതിഷം പാടില്ല; ശുഭാശംസ നല്ലതാണ്. അഥവാ നിങ്ങളിലൊരാള്‍ കേള്‍ക്കുന്ന നല്ല വര്‍ത്തമാനം (ബുഖാരി, മുസ്‌ലിം).
നബി (സ്വ)യുടെ ജീവിതവും മാര്‍ഗവും തന്നെ ലോകത്തിനു നന്മ നേരുന്നതായിരുന്നു. വാക്കിലും പ്രവൃത്തിയിലുമെല്ലാം തങ്ങള്‍ പ്രതീക്ഷയുടെ സന്ദേശം നല്‍കി. മനുഷ്യന്റെ പേരുകള്‍ പോലും നന്മയുടെയും സന്തോഷത്തിന്റെയും സൂചനകളാവണമെന്ന് തങ്ങള്‍ ശഠിച്ചു. 'ഖിന്നന്‍' എന്ന് അര്‍ഥം വരുന്ന പേരുള്ള ഒരാള്‍ നബി(സ്വ)യെ സമീപിച്ചപ്പോള്‍ തങ്ങള്‍ അദ്ദേഹത്തിന് ആ പേരിനു പകരം നല്ല പേര് നിര്‍ദേശിച്ചു. എന്നാല്‍ പിതാവ് വച്ച പേര് മാറ്റാന്‍ അയാള്‍ കൂട്ടാക്കിയില്ല. അതിന്റെ ദുരന്തം ദുഃഖങ്ങളുടെ വേലിയേറ്റമായി ആ കുടുംബം അനുഭവിക്കേണ്ടിവന്നുവെന്ന് തന്റെ പിതാവിന്റെ കാര്യത്തില്‍ സാക്ഷ്യപ്പെടുത്തി പ്രമുഖ സ്വഹാബിവര്യനായ സഈദ് ബിനുല്‍ മുസയ്യബ് (റ) (ബുഖാരി).
രോഗികളെ സന്ദര്‍ശിക്കലും ശമനത്തിനായി പ്രാര്‍ഥിക്കലും അവര്‍ക്ക് പ്രതീക്ഷ നല്‍കലും നബി (സ്വ)യുടെ പതിവായിരുന്നു. രോഗികളുടെ വേദനകള്‍ അകറ്റാനും അവര്‍ക്ക് മനസ്സമാധാനം പകരാനും സഹായകമാകുന്ന ഹ്രസ്വസന്ദര്‍ശനങ്ങളാവണം ഈ സംഗമങ്ങള്‍.
ജനങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തരുത്. വൃത്തികെട്ട തലമുറയാണ് ഇന്നത്തേത്; എവിടെയും ഒരു നന്മയുമില്ല. എല്ലാവരും കൊള്ളരുതാത്തവര്‍ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ വലിയ അപകടമാണ്. അത് ലോകത്തിന്റെ പ്രതീക്ഷയുടെ തിരിനാളങ്ങളെ ഊതിക്കെടുത്തലാണ്. ഞാന്‍ മാത്രം ശരിയെന്ന ചിന്ത അഹങ്കാരമാണ്. ശുഭാപ്തി വിശ്വാസം വലിയ വിജയങ്ങളിലേക്ക് കൊണ്ടെത്തിക്കും. കാലതാമസം പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കരുതെന്നാണ് യഅ്ഖൂബ് നബി (അ) നല്‍കുന്ന പാഠം.
മകനുവേണ്ടിയുള്ള പ്രാര്‍ഥനയും പ്രതീക്ഷയും ഏറെക്കാലമായിട്ടും കാത്തുവച്ച വയോധികനെ മക്കള്‍ പലവട്ടം ശകാരിച്ചു. പക്ഷേ അല്ലാഹുവിന്റെ കാരുണ്യം തിരിച്ചറിഞ്ഞവനുണ്ടോ നൈരാശ്യമെന്നൊരു വികാരം യഅ്ഖൂബ് (അ) പുത്രന്മാരോട് പറഞ്ഞു: 'എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക'.
അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല' (യൂസുഫ് 87). പിതാവിന്റെ ആജ്ഞയനുസരിച്ച് മക്കള്‍ പ്രതീക്ഷയോടെ അന്വേഷണത്തിനിറങ്ങിയപ്പോള്‍ അല്ലാഹു യഅ്ഖൂബിന് കരളിന്റെ കഷ്ണങ്ങളെ തിരിച്ചുനല്‍കി.
ഖുര്‍ആനിന്റെ പരാമര്‍ശം ഇങ്ങനെ: 'അങ്ങനെ സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വച്ചുകൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലേ' (യൂസുഫ് 96).
ത്വാഇഫിലേക്ക് ഇസ്‌ലാം മത പ്രബോധനത്തിന് പോയ നബി (സ്വ)യെ അവിടത്തുകാര്‍ ഉപദ്രവിച്ചോടിച്ചപ്പോള്‍ പര്‍വതത്തിന്റെ മാലാഖ വന്ന് അവരെ നശിപ്പിക്കാന്‍ പ്രവാചകരോട് അനുവാദം തേടിയ സന്ദര്‍ഭം തങ്ങള്‍ നല്‍കിയ മറുപടി പ്രതീക്ഷാനിര്‍ഭരമായിരുന്നു. 'അല്ലാഹുവിനോട് ഒന്നിനെയും പങ്ക് ചേര്‍ക്കാത്തവിധം അവനെ മാത്രം ആരാധിക്കുന്നവരെ അവരുടെ മുതുകുകളില്‍ നിന്ന് അല്ലാഹു പുറപ്പെടുവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' (ബുഖാരി).
ലോകാവസാനത്തിന്റെ വിളിയാളമുണ്ടായാല്‍പ്പോലും കൈയിലെടുത്ത വൃക്ഷത്തൈ സാധിക്കുമെങ്കില്‍ നട്ടുപിടിപ്പിക്കുക തന്നെ ചെയ്യണമെന്നാണ് ഇസ്‌ലാം നല്‍കുന്ന പ്രതീക്ഷാനിര്‍ഭരമായ സന്ദേശം. അതിനാല്‍ നിരാശനാകരുത്; പ്രതീക്ഷകളിലാണ് ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."