സിതാരയുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ
പേരാവൂര്‍: ഇന്നലെകല്ലേരിമലയില്‍ ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സിതാരയുടെ മരണത്തിന് ഉത്തരം നല്‍കേണ്ടത് അധികൃതര്‍.
മലയോരത്തെ റോഡരികില്‍ അപകടം വിതച്ചു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പൊതുജനങ്ങള്‍ പരാതികള്‍ നല്‍കിയിട്ടു പോലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ശ്രമിച്ചില്ല.
മഴക്കാലം ആരംഭിക്കുമ്പോള്‍ മലയോരത്തെ നിരത്തുകളില്‍ മരവും മണ്‍തിട്ടയും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളിലെ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ ഉത്തരവിട്ടിരുന്നു. ആ സമയത്ത് മുറിച്ച് നീക്കാനുള്ള മരങ്ങള്‍ക്ക് നമ്പര്‍ ഇടുകയും ചില മരങ്ങള്‍ മുറിച്ച് നീക്കുകയും ചെയ്‌തെങ്കിലും പിന്നീട് ഇത്തരം മരങ്ങള്‍ മുറിച്ചുനീക്കാന്‍ അധികൃതര്‍.നടപടികള്‍ എടുത്തിട്ടില്ല. ഇത്തവണ മഴ ആരംഭിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ നെടുംപൊയിലില്‍ മാത്രം രണ്ട് അപകടങ്ങളാണ് റോഡിലേക്ക് മരം വീണുണ്ടായത്.
ഒരപകടത്തില്‍ കാറിനുമുകളില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് കാര്‍ യാത്രികന് പരുക്കേറ്റു. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയില്‍ ചുരത്തില്‍ ഞായറാഴ്ച പലയിടങ്ങളിലായി റോഡിലേക്ക് മരം പൊട്ടിവീണും അപകടങ്ങള്‍ ഉണ്ടായി. മകന്‍ സിജോയുടെ വേര്‍പാടിന്റെനടുക്കം മാറും മുന്‍പ് തങ്ങളുടെ ഏക പ്രതീക്ഷയായ മകള്‍ സിത്താരയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സിറിയക്കും ഭാര്യ സെലിയും.
അപകടത്തില്‍ പരുക്കേറ്റ ഇരുവരും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."