എം.ജി സര്‍വകലാശാല വി.സിയെ അയോഗ്യനാക്കിയ നടപടി സുപ്രിംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. അയോഗ്യനാക്കിയതിനെതിരെ ബാബു സെബാസ്റ്റിയന് നല്കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് ബാബു ഹരജിയില്‍ പറയുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ച സുപ്രിംകോടതി, ബാബു സെബാസ്റ്റിയന്റെ വാദം കൂടി കേട്ട ശേഷം അടുത്ത മാസം അഞ്ചിനകം വിധി പറയാനും നിര്‍ദ്ദേശിച്ചു.
വി.സി നിയമനത്തിനായി യു.ജി.സി നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ 2010 സെപ്റ്റംബര്‍ 18ന് കേരളത്തിലും ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് വിവിധ സര്‍വകലാശാലകള്‍ ചട്ടത്തില്‍ ഭേദഗതിയും വരുത്തി. എന്നാല്‍ 2014 ഓഗസ്റ്റില്‍ ബാബു സെബാസ്റ്റ്യനെ നിയമിച്ചപ്പോള്‍ ഇതു പാലിച്ചില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ടെക്നോളജിയില്‍ (എസ്.ഐ.ഇ.ടി) പത്ത് വര്‍ഷത്തിലേറെക്കാലം ബാബു സെബാസ്റ്റ്യന്‍ ഡയറക്ടറായിരുന്നു. പത്തു വര്‍ഷത്തെ പ്രൊഫസര്‍ പദവിക്ക് ഇതു തുല്യമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വി.സി നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്ലാതെ നിയമനം ലഭിച്ചശേഷം കൈവരിച്ച ഉന്നത നേട്ടങ്ങളും മികവുകളും നിയമനത്തെ ശരിവയ്ക്കാനുതകില്ല. അടിസ്ഥാന യോഗ്യതയെ ഇത്തരം നേട്ടങ്ങളും മികവും കൊണ്ട് മറികടക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."