സ്വദേശിവത്കരണം ശക്തമെങ്കിലും സഊദിയില്‍ സ്വദേശി തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു
റിയാദ്: വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് സ്വദേശിവത്കരണം ശക്തമാക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയാത്തതില്‍ ആശങ്ക.
ജോബ് ക്രിയേഷന്‍ അതോറിറ്റി റദ്ദാക്കല്‍ പോലുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടും തൊഴിലില്ലായ്മ നിരക്ക് കുറയാത്തതിനാല്‍ പുതുവഴികള്‍ തേടാന്‍ ഒരുങ്ങുകയാണ് സഊദി ഭരണകൂടം. രാജ്യത്തെ ഉന്നത സഭയായ ശൂറാ കൗണ്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തൊഴിലില്ലായ്മ നിരക്കു കുറയ്ക്കുന്നതിനും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനും നവീന പോംവഴികള്‍ ആവശ്യമാണെന്ന് ശൂറാ കൗണ്‍സിലിലെ ഭരണ, മാനവശേഷി കമ്മിറ്റി പറഞ്ഞു.
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി മാനവശേഷി വികസന നിധി പങ്കാളിത്തങ്ങള്‍ സ്ഥാപിച്ച് ഇതില്‍ മാറ്റം വരുത്താന്‍ ശ്രമം നടത്തണമെന്ന് ഭരണ, മാനവശേഷി കമ്മിറ്റി ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
വ്യവസായ മേഖലയിലും ഇക്കണോമിക് സിറ്റികളിലും വ്യവസായ നഗരങ്ങളിലും സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് സഹായകമായ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളജ്, ജുബൈല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യാമ്പു ഇന്‍ഡസ്ട്രിയല്‍ കോളജ്, സാബിക് അക്കാദമി അടക്കമുള്ള വ്യവസായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മാനവ ശേഷി വികസന നിധി പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍നിന്നു നിരവധി സഊദി യുവാക്കള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെങ്കിലും ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലയിലെ ജോലികള്‍ സ്വീകരിക്കുന്നതിന് ഇപ്പോഴും മടിക്കുകയാണ്. ഈ മേഖലയില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് മാനവ ശേഷി വികസന നിധി വിശദമായി പഠിച്ച്, വിജയകരമായി സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് സഹായകമായ പോംവഴികള്‍ കണ്ടെത്തണമെന്നും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ഇതോടൊപ്പം ഓരോ പ്രവിശ്യക്കും അനുയോജ്യമായ വ്യവസായ മേഖലകള്‍ കണ്ടെത്തി സാമ്പത്തിക വളര്‍ച്ചയും വ്യവസായ നിക്ഷേപങ്ങളും ഉറപ്പു വരുത്തുന്ന നിലക്ക് സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കണം. വിദേശികളെ പടിപടിയായി ഒഴിവാക്കി ആയിരക്കണക്കിന് സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലയില്‍ പടിപടിയായി സഊദിവല്‍ക്കരണം നടപ്പാക്കണമെന്നും ശൂറാ കൗണ്‍സിലിലെ ഭരണ, മാനവശേഷി കമ്മിറ്റി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയോട് ആവശ്യപ്പെട്ടു.
സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമായി കുറയുകയും പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ ശക്തമായ സഊദിവത്കരണത്തിനിടയിലും ഒരു ശതമാനം ഉയര്‍ന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,78,900 ഓളം സ്വദേശികള്‍ തൊഴില്‍ രഹിതരാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം 7,73,200 ആയിരുന്നു.
വിദേശികള്‍ക്ക് കനത്ത തൊഴില്‍ നഷ്ടമാണ് സഊദി തൊഴില്‍ മേഖലയില്‍ ഉണ്ടായത്. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വിദേശ തൊഴിലാളികള്‍ 10.42 ദശലക്ഷം ആയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2,34,191 പേരുടെ കുറവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."