എന്‍ജിനിയറിങ് സായാഹ്ന ക്ലാസുകള്‍ നിര്‍ത്തിയത് ചോദ്യംചെയ്ത് മനുഷ്യാവകാശ കമ്മിഷന്
തൃശൂര്‍: കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി വൈകുന്നേരങ്ങളില്‍ നടത്തിവന്നിരുന്ന എന്‍ജിനിയറിങ് കോഴ്സുകള്‍ മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചത് എന്തിനുവേണ്ടിയെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ എന്നിവര്‍ വിഷയം പരിശോധിച്ചു നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍മാരും പ്രത്യേക വിശദീകരണം സമര്‍പ്പിക്കണം. കേസ് അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. ഫെലിക്സ് ലിജോ, ഇ.കെ രഘു, എം.വി സുമേഷ്, അനൂപ്, റിജിന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി ശരിയാണെങ്കില്‍ നടപടി ഉന്നതപഠനം ആഗ്രഹിക്കുന്നവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്ന്നെടുക്കുന്നതാണെന്നു കമ്മിഷന് ചൂണ്ടിക്കാട്ടി. പരാതി പരിഹരിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നു കമ്മിഷന് ആവശ്യപ്പെട്ടു.
സായാഹ്ന കോഴ്സുകള്‍ നടത്താന്‍ പ്രിന്‍സിപ്പല്‍മാരും ഫാക്കല്‍റ്റിയും താല്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളില്‍ സായാഹ്ന കോഴ്സുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്‍ജിനിയറിങ് വിഷയങ്ങളില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവരാണ് സായാഹ്ന കോഴ്സുകളില്‍ ചേര്‍ന്ന് ഡിഗ്രിക്കു പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."