നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാകരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ കലക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.
ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കലക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി.എസ് സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരും വിഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."