നവാസ് ശരീഫിന്റെ കുടുംബം അപ്പീല്‍ നല്‍കി
ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിന് വിധിച്ച അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവിനെതിരേ നവാസ് ശരീഫിന്റെ കുടുംബം അപ്പീല്‍ നല്‍കി. തടവില്‍ കഴിയുന്ന നവാസ് ശരീഫ്, മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരാണ് കോടതി വിധിക്കെതിരേയും ജാമ്യം തേടിയും ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ലണ്ടനില്‍നിന്ന് ലാഹോറിലെത്തിയ നവാസ് ശരീഫിനെയും മകളെയും വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നവാസ് ശരീഫിന് പത്ത് വര്‍ഷവും മകള്‍ക്ക് ഏഴ് വര്‍ഷവും മരുമകന് ഒരു വര്‍ഷവുമാണ് കോടതി തടവിന് വിധിച്ചത്. ജൂലൈ ആറിനാണ് കോടതി വിധി വന്നത്.
അഴിമതി വിരുദ്ധ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്കും ജാമ്യം അനുവദിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അന്വേഷണം നടക്കുന്ന രണ്ട് അഴിമതി കേസുകള്‍ക്കെതിരേയും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അതിനിടെ പൊതു തെരഞ്ഞെടുപ്പ് ദിനം അവിസ്മരണീയ ദിനമായി മാറ്റണമെന്ന് നവാസ് ശരീഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. ശബ്ദ സന്ദേശമാണ് ഇന്നലെ പ്രചരിക്കപ്പെട്ടത്. നവാസ് ശരീഫ് ലണ്ടനിലായിരിക്കെ റെക്കോര്‍ഡ് ചെയ്തതാണിതെന്നാണ് റിപ്പോര്‍ട്ട്.
'നിങ്ങളുടെ വോട്ടുകള്‍ക്ക് ബഹുമാനം നല്‍കുക. ജൂലൈ 25 അവിസ്മരണീയ ദിനമാക്കി മാറ്റുക. എന്റെ സന്ദേശം രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വീടുകളിലും എത്തിക്കുക' എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. വോട്ടിന്റെ മഹത്വത്തെ അപമാനിക്കുന്നവരെ പരാചയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ലണ്ടനില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുത്സുമിനായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."