മുറ്റിച്ചൂരില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല; നാട്ടുകാര്‍ ദുരിതത്തില്‍
അന്തിക്കാട്: പഞ്ചായത്തിലെ തീരപ്രദേശമായ മുറ്റിച്ചൂര്‍ മേഖലയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കനോലി കനാലിനോടു ചേര്‍ന്നു കിടക്കുന്ന ജ്യോതി കാദര്‍ റോഡു മുതല്‍ പടിയം കൊട്ടാരപ്പറമ്പുവരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് ഒരാഴ്ചയായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്.
മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജല അതോറിറ്റിയുടെ പൈപ്പുകളാണ്. എന്നാല്‍ പൊതു ടാപ്പുകളില്‍ വെള്ളമെത്തിയിട്ട് ഒരാഴ്ചയിലേറെയായി. കനോലി കനാല്‍ അടുത്തായതിനാല്‍ ഉപ്പുവെള്ള ഭീഷണി നേരിടുന്ന പ്രദേശമാണ് മുറ്റിച്ചൂര്‍. ഇതുമൂലം കുടിവെള്ളത്തിന് ബദല്‍ മാര്‍ഗമില്ലാതെ ജനങ്ങള്‍ നട്ടം തിരിയുകയാണ്.
ചൂട് ശക്തിയായതോടെ പ്രദേശത്തെ ഭൂരിഭാഗം കിണറുകളും വറ്റിവരണ്ട നിലയിലാണ്. വെള്ളമുള്ള കിണറുകളില്‍ ഉപ്പുവെള്ളവുമാണ്. ജല അതോറിറ്റിക്കും പഞ്ചായത്തധികൃതര്‍ക്കും പല തവണ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാതായതോടെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പ്രദേശത്ത് ടാങ്കുകളില്‍ കുടിവെള്ളം എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വോട്ട് ബഹിഷ്കരണമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."