കൗതുകക്കാഴ്ചയായി അമ്പലപ്പുഴ കടല്‍ തീരത്ത് പടുകൂറ്റന്‍ ബാര്‍ജ്
അമ്പലപ്പുഴ: ശക്തമായ തിരമാലയില്‍പെട്ട് പടുകൂറ്റന്‍ ബാര്‍ജ് അമ്പലപ്പുഴ കടല്‍ തീരത്ത് അടിഞ്ഞത് കൗതുകക്കാഴ്ചയായി.സംഭവം അറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
മൂന്നു ദിവസമായി കടലില്‍ അലഞ്ഞ അബുദാബി അല്‍ ഫത്താന്‍ ഡോക്കിന്റെ 180 മീറ്റര്‍ നീളമുള്ള ബാര്‍ജാണ് തിരമാലകളില്‍പ്പെട്ട് ഇന്നലെ രാവിലെ എട്ടു മണിയോടെ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്ത് അടിഞ്ഞത്.
കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യോനേഷ്യയില്‍ നിന്നും കപ്പലും, ഫൈബര്‍ ബോട്ടും, ചെറിയ ബര്‍ജറും ഇതില്‍ ഉണ്ടായിരുന്നു.
ആലപ്പുഴ തീരത്തു നിന്നും 40 കി.മീറ്റര്‍ അകലെ വെച്ചാണ് ഇതു തമ്മില്‍ വേര്‍പിരിഞ്ഞതെന്നാണ് നിഗമനം. തിരമാലയില്‍ ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു. ഷിപ്പ് പുറംകടലില്‍ നങ്കൂരമിട്ടു കിടപ്പുണ്ടെന്ന് കോസ്റ്റല്‍ പൊലിസ് അറിയിച്ചു.
പുറംകടലില്‍ കിടക്കുന്ന കപ്പലുകളില്‍ നിന്നും തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിക്കാനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്. ബാര്‍ജറിലുള്ള സ്പീഡ് ബോട്ടിനുള്ളില്‍ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരും ഉണ്ടായിരുന്നു.
തീരത്തിറങ്ങാന്‍ ബന്ധപ്പെട്ടവര്‍ ഇവരെ അനുവദിച്ചില്ല. നേവല്‍ ബേസ് അധികൃതരുടെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിക്കാതിരുന്നത്.
രാവിലെ എട്ടുമണിയോടെ തന്നെ അമ്പലപ്പുഴ സി.ഐയും, കോസ്റ്റല്‍ പോലീസിലും കൊച്ചി നേവല്‍ ബേസിലും, ജില്ലാ പോര്‍ട്ട് ഓഫീസിലും വിവരം ധരിപ്പിച്ചെങ്കിലും വൈകിട്ട് 6.15 ഓടെയാണ് ഇവര്‍ സംഭവസ്ഥലത്തെത്തിയത്. കര, നാവിക, വ്യോമസേന അധികൃതരും കൊച്ചി യൂണിറ്റ് കോസ്റ്റ് ഗാര്‍ഡ് സേനയും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമെ സ്പീഡ് ബോട്ടിലുള്ളവരെ കരക്കെത്തിക്കുകയുള്ളു. എന്നാല്‍ ആലപ്പുഴ ജില്ല പോലീസ് ചീഫ് സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി. പി.വി. ബേബി, അമ്പലപ്പുഴ സി.ഐ.ബിജു വി നായര്‍, അമ്പലപ്പുഴ എസ് ഐ മാരായ, പ്രജീഷ് കുമാര്‍, രാധാകൃഷ്ണന്‍, പ്രശാന്ത് കോസ്റ്റള്‍ പൊലിസ് എസ്.ഐ രാജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് ജില്ലയുടെ പുറത്തു നിന്നു പോലുംനൂറുണക്കിനു ജനങ്ങളാണ് കപ്പല്‍ കാണുവാനായി നീര്‍ക്കുന്നം തീരത്തേയ്ക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."