മാലിന്യപ്പുഴയായി നെട്ടൂര്‍ കാര്‍ഷിക മാര്‍ക്കറ്റ്
നെട്ടൂര്‍: നിര്‍ത്താതെ പെയ്ത മഴയില്‍ മാലിന്യം നിറഞ്ഞ് ഒഴുകുന്ന പുഴയായി മാറി നെട്ടൂരിലെ കാര്‍ഷിക മൊത്ത വിപണന കേന്ദ്രം. മാലിന്യം നിറഞ്ഞ കാനകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാര്‍ക്കറ്റിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. ഡ്രൈനേജ് സംവിധാനം തകരാറിലായതോടെ മഴയില്‍ കാനയിലെ മാലിന്യവും കൂടി റോഡിലേക്കൊഴുകുന്ന അവസ്ഥയാണ്. അധികൃതര്‍ അനങ്ങാപ്പാറയായി നിലകൊള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ മാലിന്യം നിറഞ്ഞ വെള്ളം മാര്‍ക്കറ്റിലെ സ്റ്റാളുകളിലേക്ക് വരെ കയറുന്ന അവസ്ഥവരെയുണ്ടായി. ശാസ്ത്രീയമായ രീതിയില്‍ ഡ്രൈനേജ് സംവിധാനം നിര്‍മ്മിച്ച് മാര്‍ക്കറ്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും വൃത്തിഹീനമായ ടോയ്റ്റുകള്‍ മാറ്റി ആധുനിക രീതിയില്‍ വ്യാപാരികള്‍ക്കും മാര്‍ക്കറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാനുന്ന രീതിയില്‍ പുനര്‍ നിര്‍മ്മിക്കണമെന്നും വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നു. ദിനംപ്രതി യുള്ള ഇവയുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് തള്ളുകയാണ്. ഇത് സമീപവാസികളെ ദുരിതത്തിലാക്കുന്നു.
മാലിന്യ സംസ്‌കകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സംസ്‌കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ചെങ്കിലും എല്ലാം നോക്കുകുത്തിയായി അവശേഷിക്കുകയാണ്. മാര്‍ക്കറ്റിന്റെ ഭരണച്ചുമതലയുള്ള മാര്‍ക്കറ്റ് അതോറിറ്റിയുടെ നിസംഗതയാണ് മാര്‍ക്കറ്റിന്റെ വികസനത്തിന് തടസമാകുന്നതെന്ന് പറയപ്പെടുന്നു. മാര്‍ക്കറ്റിനുള്ളിലെ റോഡുകള്‍ വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."