കലിയടങ്ങാതെ കാലവര്‍ഷം; മൂന്നാര്‍ മേഖല ഒറ്റപ്പെട്ടു
അടിമാലി : കനത്ത മഴില്‍ തെക്കിന്റെ കാശ്മീര്‍ നിശ്ചലമായി. ശക്തമായ നീരൊഴുക്കില്‍ മുതിരപ്പുഴ കരകവിഞ്ഞു. കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഹെഡ് വര്‍ക്‌സ് ഡാമിന് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. വിനോദ സഞ്ചാര മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. മുതിരപ്പുഴയാറിലെ നീരൊഴുക്ക് വര്‍ധിച്ച് പുഴ കരകവിഞ്ഞതോടെ ഹെഡ് വര്‍ക്‌സ് ഡാം ഇന്നലെ തുറന്ന് വിട്ടെങ്കിലും നിരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ടിലേയ്ക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതിനാല്‍ മുതിരപ്പുഴയാറിന്റെ തീരപ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. കോട്ടേജുകളടക്കം അടക്കം വെള്ളം കയറിയ അവസ്ഥയാണ്. കൂടാതെ എല്‍ പി സ്‌കൂളിന് സമീപത്തുള്ള റോഡുകളിലും വെള്ളം കയറി കാല്‍നട പോലും കഴിയാത്ത വിധത്തിലായി.
ഇക്കാനഗറില്‍ കൈത്തോട് കരകവിഞ്ഞ് പ്രദേശം ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാത, സൈലന്റ് വാലി റോഡ് എന്നിവടങ്ങില്‍ മണ്ണിടിഞ്ഞ്് ഗതാഗതം തടസ്സപ്പെട്ടു. സംഭരണ ശേഷി 97 ശതമാനത്തിലെത്തിയ പൊന്മുടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. ഇന്ന് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുവാനും സാധ്യതയുണ്ട്. അടിമാലി രാജാക്കാട് റൂട്ടില്‍ വെള്ളത്തുവല്‍ എസ് വളവിന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
റോഡിന്റെ വശത്തുണ്ടായിരുന്ന 50 അടിയിലധികം ഉയരമുള്ള മണ്‍തിട്ടയിടിഞ്ഞ് വലിയ പാറക്കല്ലുകള്‍ റോഡില്‍ പതിച്ചതോടെയാണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത്. മണ്ണ് നീക്കം ചെയ്യുന്നതിന് ജെ സി ബി എത്തിച്ചെങ്കിലും വലിയ പാറക്കല്ലുകള്‍ ആയതിനാല്‍ നീക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അടിമാലിയില്‍ നിന്നും ബ്രേക്കര്‍ മിഷീന്‍ എത്തിച്ച് പാറ പൊട്ടിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."