ഇടമുറിഞ്ഞ് മഴ, വിട്ടൊഴിയാതെ നാശം
കക്കട്ടില്‍: ഇടമുറിഞ്ഞ് പെയ്യുന്ന മഴയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്തനാശം. ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മൊകേരി തറവട്ടത്ത് മനുപ്രതാപിന്റെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. റവന്യു, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ആയഞ്ചേരി: ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. കടമേരി കീരിയങ്ങാടി മോറ്റുകര അമ്മദ് ഹാജിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. അടുക്കളയും ഇതിനോട് ചേര്‍ന്ന ഭാഗവും പൂര്‍ണമായും നിലംപൊത്തി. ആളപായമില്ല. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വടകര: കീഴലില്‍ ശക്തമായ കാറ്റില്‍ തെങ്ങുവീണ് ഗതാഗതം തടസപ്പെട്ടു. കീഴല്‍ യു.പി സ്‌കൂളിന് സമീപമാണ് തെങ്ങ് വൈദ്യുതത്തൂണിന് മുകളിലായി റോഡിലേക്ക് വീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഇതേതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പേരാമ്പ്ര: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് കാളിയത്ത് മുക്കിലെ വടക്കേമലയിലെ മോഹന്‍ദാസിന്റെ വീടിന്റെ മേല്‍ക്കൂരയും ചുമരും തകര്‍ന്നു. ചുമര്‍ അടര്‍ന്നുവീണ് മോഹന്‍ദാസിന്റെ തലക്ക് പരുക്കേറ്റു.
ശക്തമായ കാറ്റടിച്ചപ്പോള്‍ വീട്ടുകാര്‍ വീടിന് പുറത്ത് ഇറങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഫര്‍ണിച്ചര്‍, ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിത്യരോഗിയായ മോഹന്‍ദാസിന്റെ തകര്‍ന്ന വീടിന് മുകളില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഷീറ്റ് വിരിച്ചാണ് താല്‍ക്കാലികമായി താമസ സൗകര്യം ഒരുക്കിയത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
നടുവണ്ണൂര്‍: ശക്തമായ കാറ്റില്‍ മന്ദങ്കാവ് കേരഫെഡ് ജങ്ഷനില്‍ വന്‍മരം കടപുഴകി വീണ് പെട്ടിക്കട തകര്‍ന്നു. ലക്ഷം വീട് കോളനിയിലെ വാസുവിന്റെ പെട്ടിക്കടയാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് മന്ദങ്കാവ് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും താറുമാറായി.
കുറ്റ്യാടി: കാറ്റില്‍ മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാക്കുനി നടക്കല്‍ കുഞ്ഞിക്കണ്ണന്‍, മവ്വഞ്ചേരി അബ്ദുല്ല എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കുഞ്ഞിക്കണ്ണന്റെ വീടിന്റെ അടുക്കള ഭാഗവും അബ്ദുല്ലയുടെ വീടിനോട് ചേര്‍ന്ന ശുചിമുറിയുമാണ് തകര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."