മുന്‍കരുതല്‍; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു
അടിമാലി (ഇടുക്കി): കല്ലാര്‍കുട്ടി, പാംബ്ല (ലോവര്‍ പെരിയാര്‍) അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത് ജലനിരപ്പുയരുന്നതിനാല്‍ തുറന്നുവിട്ടു. ഓഗസ്റ്റ് 6 വരെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്നലെ വൈകിട്ട് 5 ണിക്ക് 30 സെ.മീ ഉയര്‍ത്തി 30 ക്യുമെക്സ് വരെ ജലം ഒഴുക്കിവിട്ടു തുടങ്ങിയത്. ഇന്നലെ പകല്‍ 2.30 മുതല്‍ പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 45 ക്യുമെക്സ് വരെ ജലം പുറത്തുവിടുന്നുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.22 അടി ഉയര്‍ന്ന് 2337.56 അടിയിലെത്തി. സംഭരണശേഷിയുടെ 36 ശതമാനമാണിത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 84.2 മി.മീ മഴ ലഭിച്ചു. 21.147 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. സംസ്ഥാനത്തെ മൊത്തം ജലശേഖരം സംഭരണ ശേഷിയുടെ 33 ശതമാനത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."