കാലവര്‍ഷത്തെ തുടര്‍ന്നുള്ള വൈദ്യുതി തകരാര്‍: പരിഹരിക്കാന്‍ പെടാപാടുപ്പെടുന്നത് മസ്ദൂര്‍-കരാര്‍ ജീവനക്കാര്‍
തിരൂര്‍: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ഒട്ടുമിക്കയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പരിഹരിക്കാന്‍ രാവും പകലുമില്ലാതെ മഴയത്ത് പെടാപാടുപെടുന്നത് കെ.എസ്.ഇ.ബിയിലെ മസ്ദൂര്‍- കരാര്‍ ജീവനക്കാര്‍. ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് വൈദ്യുതി വിതരണ ശ്യംഖലകളില്‍ നിരന്തരം തകരാര്‍ സംഭവിക്കുന്നതിനാല്‍ ഈ വിഭാഗം ജീവനക്കാര്‍ക്ക് ഇരിക്കപൊറുതിയില്ലാത്ത അവസ്ഥയാണ്. തകര്‍ന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും പൊട്ടിവീണ ലൈനുകളുടെ കേടുപാടുകള്‍ തീര്‍ത്തും മുഴുവന്‍ സമയ ജോലിതിരക്കുകളിലാണിവര്. കാലവര്‍ഷക്കെടുതി സാഹചര്യമായതിനാല്‍ ഒട്ടുമിക്ക ജീവനക്കാരും അധികസമയ ഡ്യൂട്ടിയെടുക്കേണ്ട സ്ഥിതിയുണ്ട്. പല സെക്ഷന്‍ ഓഫിസുകളിലും ആവശ്യത്തിന് മസ്ദൂര്‍- കരാര്‍ ജീവനക്കാരില്ലാത്തതും പ്രതിസന്ധി ഘട്ടത്തില്‍ പ്രയാസമായിതീര്ന്നിരിക്കുകയാണ്. വൈദ്യുതി തകരാര്‍ സംഭവിക്കുന്ന മേഖലകളില്‍ കാലതാമസമില്ലാതെ തന്നെയെത്തി പ്രശ്ന പരിഹാരത്തിന് ഇടപെടുന്നതില്‍ പലപ്പോഴും ജീവനക്കാരുടെ കുറവ് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. എന്നാല്‍ സെക്ഷന്‍ ഓഫിസുകളില്‍ ചുമതലയിലുള്ളവരെ ഉപയോഗപ്പെടുത്തി വൈദ്യുതി തകരാറുകള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കുന്നുണ്ടെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ അഭ്യര്‍ത്ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."