പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചു: കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച്
കൊച്ചി: പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം പൂര്‍ത്തിയാക്കാന്‍ പ്രതിക്ക് സാധിക്കാതിരുന്നത്. ഇക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി മനുവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ഇയാളെ അതിക്രമത്തിന് പ്രേരിപ്പിച്ചത്. ആക്രമണം നടത്തിയ ശേഷം വിദേശത്തേയ്ക്ക് മുങ്ങിയ ഇയാളെ പൊലിസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ മനുവിനെയാണ് നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 15ന് എറണാകുളം പനമ്പിളളി നഗറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആക്രമിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെയായിരുന്നു ആക്രമണം.
രാത്രി ഏഴ് മണിയോടെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് മനു ബൈക്കിലെത്തി പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത്.
ഉടന്‍ പെണ്‍കുട്ടികള്‍ ഓടി സമീപത്തെ കടയില്‍ അഭയം തേടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.
കോട്ടയം, തമിഴ്നാട്, ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു പെണ്‍കുട്ടികള്‍. ഹെല്‍മറ്റ് ധരിച്ചായിരുന്നു ആക്രമണം. ആദ്യം അക്രമിയെ തിരിച്ചറിയാനായില്ല. പിന്നീട് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സ്വദേശി മനു ആണെന്ന് തിരിച്ചറിഞ്ഞത്. ഇടപ്പള്ളി ഭാഗത്തെ പമ്പില്‍ നിന്നായിരുന്നു മനു പെട്രോള്‍ വാങ്ങിയത്. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അക്രമണം അന്വേഷിക്കുന്ന എറണാകുളം സൗത്ത് പൊലിസിന് പ്രതിയെ കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."