എക്‌സ്‌റേ യൂനിറ്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നു: മഞ്ചേരി മെഡിക്കല്‍ കോളജില്‍ 'രോഗികള്‍ കുടപിടിക്കണം'
മഞ്ചേരി: ഗവ.മെഡിക്കല്‍ കോളജിലെ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ട് ദിവസങ്ങളായെങ്കിലും നന്നാക്കാനുള്ള നടപടിയില്ല. ഇതോടെ ഡോക്ടര്‍മാരും നൂറുകണക്കിന് രോഗികളും പ്രയാസമനുഭവിക്കുകയാണ്.
മുന്നാഴ്ചയോളമായി എക്‌സ്‌റേ യൂനിറ്റിനോട് ചേര്‍ന്നുളള പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ മേല്‍ക്കൂര തകര്‍ന്നിട്ട്. ഉള്ളിലേക്ക് പ്രകാശം ലഭിക്കുന്ന തരത്തില്‍ വെള്ളനിറത്തിലുള്ള ഷീറ്റ് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മിച്ചിരുന്നത്. കനത്ത മഴയില്‍ ഇത് തകര്‍ന്നതോടെ മഴവെള്ളം ഉള്ളിലേക്ക് ഒലിച്ചിറങ്ങുകയാണ്. നിലവില്‍ ചോര്‍ച്ച തടയാന്‍ ആശുപത്രി അധികൃതര്‍ ടാര്‍പായ ഷീറ്റുകള്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. എന്നാല്‍ കനത്ത മഴ പെയ്യുന്നതോടെ ടാര്‍പായ ഷീറ്റുകള്‍ക്കിടയിലൂടെ വെള്ളം ചോര്‍ന്നിറങ്ങി രോഗികള്‍ മഴനനയേണ്ട അവസ്ഥയാണ്.
ശ്വാസകോശ സംബന്ധമായ രോഗികളെ പരിശോധിക്കുന്ന ഭാഗത്തും വെള്ളം നില്‍ക്കുന്നുണ്ട്. നിരവധി രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. എക്‌സറേക്ക് പുറമെ ഇ.സി.ജി, ഫാമിലി വെല്‍ഫയര്‍ ക്ലിനിക്, ഓങ്കോളജി വിഭാഗം എന്നിവയും പ്രവര്‍ത്തിക്കുന്നത് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരക്ക് താഴെയാണ്. ഹജ്ജിന് പോകുന്ന ആളുകള്‍ക്കുള്ള കുത്തിവെപ്പ് നടക്കുന്നതും ഈ കെട്ടിടത്തില്‍ തന്നെയാണ്. ഹജ്ജിന് പോകുന്ന നിരവധി പേരാണ് രാവിലെ 7 ന് തന്നെ ഇവിടെയെത്തുന്നത്. മഴപെയ്ത് നിലത്ത് വെള്ളം കെട്ടിനിന്നതോടെ രോഗികള്‍ വഴുതി വീഴുന്നതും പതിവായിരിക്കുകയാണ്.
തൊട്ടടുത്ത വിഭാഗത്തിലെ ഡോക്ടറെ കാണാനെത്തുന്നവരുടെ നീണ്ട വരിയും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരക്ക് താഴെ എത്തുന്നതോടെ ദിവസവും നൂറുകണക്കിന് രോഗികളും സഹായികളുമാണ് ആരോഗ്യവകുപ്പിന്റെ ചെലവില്‍ മഴനയേണ്ടി വരുന്നത്. ഇവിടെ ശുചീകരണ ജീവനക്കാരുടെ നേതൃത്വത്തില്‍ മുഴുസമയം വെള്ളം തുടച്ച് നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."