മണിപ്പൂര്‍: വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍-കൊലപാതക കേസുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹരജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന വിധി.
സൈന്യത്തിന് പ്രത്യേക അധികാരം ഉറപ്പാക്കുന്ന നിയമം (അഫ്‌സ്പ) നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടക്കം സായുധ സൈന്യവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന 2016ലെ സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പട്ടാണ് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര. ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോകൂര്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സുപ്രിംകോടതിയുടെ ചേംബറില്‍ വച്ച് വാദം കേട്ട ശേഷം കേന്ദ്രത്തിന്റെ ഹരജി തള്ളുകയായിരുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു.
ഭീകരവാദികളോടും വിഘടനവാദികളോടും പ്രതികരിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. കേന്ദ്രത്തിന്റെ തിരുത്തല്‍ ഹരജിയും അനുബന്ധ രേഖകളും ബെഞ്ച് പരിശോധിച്ചുവെന്നും രൂപ അശോക് ഹുര്‍റയുടെ കേസില്‍ ഈ കോടതിഎടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടുന്ന പ്രത്യേക സാഹചര്യമില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
തിരുത്തല്‍ ഹരജിക്ക് പ്രസക്തിയില്ലാത്തതിനാല്‍ തള്ളുന്നതായി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. 2016ജൂലൈ എട്ടിനാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം ഉയര്‍ന്ന 1,528 കേസുകളില്‍ അന്വേഷണം വേണമെന്ന് ഉത്തരവിട്ടത്.
രാജ്യത്തിന്റെ ശത്രുവാണ് എന്ന ആരോപണത്തിന്റെയോ, സംശയത്തിന്റേയോ അടിസ്ഥാനത്തില്‍ മാത്രം സുരക്ഷാ സൈനികര്‍ക്ക് ഒരു പൗരനെ വധിക്കാനുള്ള അധികാരം നല്‍കിയാല്‍ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."