വേളം കൊലപാതകംകാരണം വ്യക്തിപരമാണെന്ന് ലീഗ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട്: കുറ്റ്യാടി വേളത്തുണ്ടായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും സംഭവം വ്യക്തിപരമാണെന്നും ലീഗ് നേതാക്കള്‍ക്ക് അറിയാമെന്നും അവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകത്തില്‍ എസ്.ഡി.പി.ഐയ്ക്ക് യാതൊരു പങ്കുമില്ല. പ്രദേശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായിട്ടില്ല. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വവും സമ്മതിച്ചതാണ്.
എന്നാല്‍ പിന്നീട് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച് സംഭവം പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരേ എസ്.ഡി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ എസ്.ഡി.പി. ഐ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. വിദഗ്ധ കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനയാണ് എസ്.ഡി.പി.ഐ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ശരിയല്ല. ഈ പ്രസ്താവന മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് തന്നെയാണ് ചേരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി നജീബ് അത്തോളിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."