ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍: എം.ഡിക്ക് പിന്നാലെ ജി.എമ്മും സ്വയം ഒഴിഞ്ഞു
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ എം.ഡിക്ക് പിന്നാലെ ജനറല്‍ മാനേജരും സ്വയം ഒഴിഞ്ഞു. മാനേജിങ് ഡയരക്ടര്‍ കെ.എ മുഹമ്മദ് നൗഷാദ് രാജിവച്ചതിനുപിന്നാലെ ജനറല്‍ മാനേജര്‍ എസ്. അനീഷയും രാജിവച്ചു. ഡെപ്യൂട്ടേഷന്‍ കാലാവധി മൂന്നുവര്‍ഷം വരെ നീട്ടാമെന്നിരിക്കെയാണ് ഇവര്‍ പദവിയൊഴിഞ്ഞ് മാതൃസ്ഥാപനമായ കെ.എഫ്.സിയിലേക്ക് മടങ്ങിയത്.
2019 നവംബര്‍ 21ന് എം.ഡി തസ്തികയില്‍ നിയമിതനായ മുഹമ്മദ് നൗഷാദ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തസ്തികയില്‍ നിന്ന് 2019 ഏപ്രില്‍ 30ന് വിരമിച്ചയാളാണ്. പൊതുമേഖലയില്‍ എട്ടുമാസം മാത്രം സര്‍വിസുള്ള അനീഷയെ നിയമനം സ്ഥിരപ്പെടുന്നതിനു മുന്‍പ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതും വിവാദമായിരുന്നു.
എന്നാല്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് ഒഴിവായത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് അനീഷയുടെ ഭര്‍ത്താവ് ഡോ. അന്‍സര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ജൂലൈ 31ന് ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിരുന്നു. ഡെപ്യൂട്ടേഷന്‍ നീട്ടാന്‍ താല്‍പര്യമില്ലെന്ന് കോര്‍പറേഷനെ അറിയിച്ചിരുന്നു. മാതൃസ്ഥാപനമായ കെ.എഫ്.സിയുടെ ഹെഡ് ഓഫിസില്‍ മാനേജറായി ജോയിന്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."