ദുരിതപൂര്‍ണം മലപ്പട്ടം യാത്ര
ശ്രീകണ്ഠപുരം: നാള്‍ക്കുനാള്‍ ഏറുകയാണ് മലപ്പട്ടത്തേക്കുള്ള യാത്രാദുരിതം. പത്തു വര്‍ഷം മുമ്പുവരെ മലപ്പട്ടം മുനമ്പ്കടവ് പാലം ഇല്ലായിരുന്നു. പാലം വന്നതിന് ശേഷം ബസുകളുടെ എണ്ണം വര്‍ധിക്കുകയും മയ്യില്‍ വഴി കണ്ണൂരിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുകയും ചെയ്തെങ്കിലും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഇതുവരെ ഒരു മാറ്റവുമായില്ല. രണ്ടുവര്‍ഷം മുമ്പ് ശ്രീകണ്ഠപുരത്തുനിന്ന് മലപ്പട്ടം വഴി കണ്ണൂര്‍ റോഡ് മെക്കാഡം ചെയ്തതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് കരുതിയെങ്കിലും അതും ഫലവത്തായില്ല. ഈ റൂട്ടിലേക്കുള്ള ബസ് ഗതാഗതം വൈകുന്നേരങ്ങളില്‍ നന്നേ കുറവാണ്. ശ്രീകണ്ഠപുരത്ത് നിന്ന് മലപ്പട്ടത്തേക്ക് ഇതിലും കഷ്ടമാണ് യാത്ര. വൈകുന്നേരം നാലിന് ശേഷം ഒന്നര മണിക്കൂര്‍ കാത്തുനിന്നാല്‍ അവസാന ബസ് എന്നോളം ഒരു ബസുണ്ട്. അതുകഴിഞ്ഞാല്‍ 6.15നും ഏഴിനും ബസുകള്‍ ഉണ്ടെങ്കിലും ഇവ മിക്കപ്പോഴും ട്രിപ്പ് മുടക്കും. 8.45നുള്ള അടിച്ചേരി കെ.എസ്.ആര്.ടി.സി സര്‍വിസ് മറ്റൊരു റൂട്ടിലേക്ക് മാറ്റിയിട്ട് ഒരുവര്‍ഷമായി. രാത്രിയായാല്‍ ചെറുവാഹനം പോലും കിട്ടാതെ ക്ലേശിക്കുന്ന അവസ്ഥയാണ് ജനങ്ങള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."