ഗോപിക്കും കുടുംബത്തിനും ഉദ്യമത്തിന്റെ വിഷുക്കൈനീട്ടം
റഷീദ് എരുമപ്പെട്ടി
എരുമപ്പെട്ടി: ഗോപിക്കും കുടുംബത്തിനും ഉദ്യമത്തിന്റെ വിഷുക്കൈനീട്ടം. നിര്‍ധന കുടുംബത്തിന് എരുമപ്പെട്ടി ഉദ്യമം വാട്‌സ് ആപ് കൂട്ടായ്മ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം പ്രശസ്ത ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ ഉദ്യമം സൗജന്യമായി നിര്‍മിച്ച് നല്‍കുന്ന മൂന്നാമത്തെ വീടാണ് വിഷു ദിനത്തില്‍ സമര്‍പ്പിച്ചത്. വേലൂര്‍ തയ്യൂര്‍ തെക്കൂട്ട് ഗോപിയും കുടുംബവും ഷീറ്റുമേഞ്ഞ ഒറ്റമുറി കുടിലിലാണ് കഴിഞ്ഞിരുന്നത്. രോഗിയായ ഗോപിയും ഭാര്യയും പറക്കമുറ്റാത്ത രണ്ട് മക്കളും അടങ്ങുന്ന ഈ നിര്‍ധന കുടുംബത്തിന് മഴക്കാലത്ത് ചോര്‍ന്നൊലിക്കാതേയും അടച്ചുറപ്പോടെ സുരക്ഷിതമായി താമസിക്കാനും ഒരു വീട് വേണമെന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ ജീവിത ദുരിതം കണ്ടറിഞ്ഞ ഉദ്യമം ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ഇതിനായി ജനപ്രതിനിധികളേയും പൊതുപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ഒരു പ്രാദേശിക കമ്മറ്റിക്ക് രൂപം നല്‍കിയാണ് വീട് നിര്‍മാണം ആരംഭിച്ചത്. പൊതു ധനസമാഹരണം നടത്തുന്നതിന് പകരം ഉദ്യമം അംഗങ്ങളും സുഹൃത്തുക്കളും പണവും നിര്‍മാണ സാമഗ്രികളും നല്‍കി വീട് നിര്‍മാണത്തില്‍ സ്വയം പങ്കാളികളാവുകയായിരുന്നു. ഉദ്യമം അംഗങ്ങളായ തൊഴിലാളികള്‍ കൂലി വാങ്ങാതെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്തതും വലിയ സഹായമായി മാറി. നെല്ലുവായ് കൂത്ത് മഹോത്സവ കമ്മറ്റി, തയ്യൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, എരുമപ്പെട്ടി പ്രതിഭ കോളജ് പ്രീഡിഗ്രി 98 ബാച്ചിലെ ഫോര്‍ത്തു ഗ്രൂപ്പ് കൂട്ടായ്മ തുടങ്ങി വിവിധ സംഘടനകളും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. ഉദ്യമത്തിന്റെ തണലില്‍ ഒരു പറ്റം മനുഷ്യ സ്‌നേഹികള്‍ കൈകോര്‍ത്തപ്പോള്‍ നിരാലംബരായ ഗോപിക്കും കുടുംബത്തിനും അവരുടെ സ്വപ്നകൂട് ഒരുങ്ങുകയായിരുന്നു. പ്രാദേശിക കൂട്ടായ്മകള്‍ നന്‍മകള്‍ക്കായ് ഒന്നിക്കുമ്പോള്‍ നിരാശ്രയര്‍ക്കും ദുരിതബാധിതര്‍ക്കും പുതിയൊരു ജീവിതമാണ് ലഭിക്കുന്നതെന്നും, പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ വെളിച്ചമേകാന്‍ ഉദ്യമത്തെ മാതൃകയാക്കി കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടണമെന്നും താക്കോല്‍ ദാനം നിര്‍വഹിച്ച് കൊണ്ട് ഫിറോസ് കുന്നുംപറമ്പില്‍ അഭിപ്രായപ്പെട്ടു. ഉദ്യമം ചീഫ് കോഡിനേറ്റര്‍ സുധീഷ് പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, മാധ്യമ, സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് എരുമപ്പെട്ടി, ജനപ്രതിനിധികളായ എന്‍.ഡി സിമി ടീച്ചര്‍, മുരളി മാസ്റ്റര്‍, വി.സി ബിനോജ് മാസ്റ്റര്‍, പി.ആര്‍ വേലുക്കുട്ടി, എല്‍.സി ഔസേഫ്, ഉദ്യമം കോഡിനേറ്റര്‍മാരായ കെ.ആര്‍ ഗിരീഷ് മാസ്റ്റര്‍, അഡ്വ. വി.പി മഹേശ്വരന്‍, മേജര്‍ കെ.പി ജോസഫ്, കെ.എ പരീത്, നിര്‍മാണ കമ്മറ്റി ഭാരവാഹികളായ പി.എന്‍ അനില്‍ മാസ്റ്റര്‍, എന്‍.ബി.സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."