കൊവിഡ് കേസുകള്‍ ഈ മാസം ക്രമാതീതമായി വര്‍ധിക്കും: മരണനിരക്ക് കുത്തനെ ഉയരും
തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളായിരിക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മരണനിരക്കും കുത്തനെ കൂടാമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് രോഗവ്യാപനം തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ വിവിധ സമിതികള്‍ നല്‍കിയ മുന്നറിയിപ്പുകളനുസരിച്ചാണ് ഇതുവരെയുള്ള രോഗവ്യാപന വര്‍ധന. ഈ മാസം അവസാനത്തോടെ പ്രതിദിനം 18,000 കേസുകള്‍ വരെയാകാമെന്നാണ് നേരത്തെ ആരോഗ്യ വകുപ്പ് നല്‍കിയിരുന്ന റിപ്പോര്‍ട്ട്. അതേ മുന്നറിയിപ്പാണ് വിദഗ്ധ സമിതിയും ആരോഗ്യ വിദഗ്ധരും നല്‍കുന്നത്.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് വരുന്ന ആഴ്ചകള്‍ അതീവ നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചയ്ക്കകം നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി പൊലിസിനെ സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം.
അതേസമയം, നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങാമെന്ന് വിദഗ്ധസമിതി അധ്യക്ഷന്‍ ഡോക്ടര്‍ ബി. ഇക്ബാല്‍ പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ് ഇക്ബാല്‍ കൊവിഡ് വ്യാപനം കുറയുമെന്ന് പറയുന്നത്. എന്നാല്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. തീരദേശ മേഖലയില്‍ സമൂഹവ്യാപനമുണ്ടാകുന്ന സ്ഥിതിക്ക് അത് മറ്റു മേഖലകളിലേക്ക് വ്യാപിക്കുമെന്നും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ഉടനെയൊന്നും കേസുകളുെട എണ്ണം കുറച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നും പരിശോധന കൂട്ടിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ എന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സമ്പര്‍ക്കത്തില്‍ പെടുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ ശക്തമായി നടപ്പാക്കണം. നിയന്ത്രിത മേഖലകളെ അടച്ചിട്ട് വ്യാപനം നിയന്ത്രിച്ചാല്‍ അവ തുറക്കുന്നതോടെ വ്യാപനം പഴയപടിയാകാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."