ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യം അബ്കാരി കേസുകളില്‍ ശക്തമായ നടപടി വേണം
കൊല്ലം: ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തണമെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അബ്കാരി കേസുകളില്‍ ശക്തമായ നടപടി വേണമെന്നും ജില്ലാ വികസനസമിതിയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യപ്പെട്ടു. കുന്നത്തൂര്‍, കരുനാഗപ്പള്ളി മേഖലകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ.് കൂടാതെ ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വേനല്‍മഴ ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശാംസ്താംകോട്ട തടാകത്തില്‍ നിന്നുള്ള ജല ലഭ്യത കുറഞ്ഞതും ഷട്ടര്‍ തകര്‍ത്തതിനെ തുടര്‍ന്ന് കെ.ഐ.പി കനാല്‍ വഴിയുള്ള ജല വിതരണത്തിലുണ്ടായ വിഷയങ്ങളുമാണ് പ്രശ്‌നത്തിന് കാരണമെന്നും കനാലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിവേഗ നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി അറിയിച്ചു. ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ലഭ്യമാക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ജി.പി. എസ് സംവിധാനം ഉപയോഗിച്ച് എല്ലാ വാര്‍ഡുകളിലും വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സ്വജല്‍ധാര പദ്ധതികല്‍ പുനരുജ്ജീവിപ്പിക്കും. കേടായ മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കാനും പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ജലത്തിന്റെ ദുരുപയോഗം തടയാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ബിവറേജ് ഔട്ട്‌ലറ്റുകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വര്‍ധിച്ചു വരുന്ന അബ്കാരി കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. എക്‌സൈസ്-പൊലിസ് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് എല്ലായിടത്തും പരിശോധന ശക്തമാക്കണം. സ്‌കൂളുകളുകള്‍, കോളജുകള്‍, മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയകള്‍ക്കെതിരേ പൊലിസ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വ്യാപകമായി മുടങ്ങുന്ന കെ.എസ്.ആര്‍.ടി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് അടിയന്തരയോഗം വിളിച്ചു ചേര്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
ക്ലാപ്പന എരമത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടിയൊലിക്കുന്നത് ഉടന്‍ പരിഹരിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, ജില്ലാ പ്ലാനിങ് ഓഫിസര്‍ മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."