സംഘ്പരിവാറും സി.പി.എമ്മും ഒരേതൂവല്‍ പക്ഷികള്‍: സുധീരന്‍
പയ്യന്നൂര്‍: രാജ്യത്തെ സംഘ്പരിവാര്‍ സംഘടനകളും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ജനാധിപത്യ ധ്വംസനം നടത്തുന്നതില്‍ ഒരേതൂവല്‍ പക്ഷികളാണെന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കരിവെള്ളൂര്‍ ബസാറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ എന്തു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കുന്നതു സംഘ്പരിവാര്‍ സംഘടനകളാണ്. അവര്‍ക്കിഷ്ടമില്ലാത്തതു ചെയ്താല്‍ ആളുകളെ അടിച്ചുകൊല്ലുന്നു. ഇതേ സമീപനമാണു കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നത്. എതിരാളികളെ അരുംകൊല നടത്തുന്ന രാഷ്ട്രീയമാണ് ഇവിടെ സി.പി.എം നടത്തുന്നത്. ജനാധിപത്യം ധ്വംസിക്കുന്ന പാര്‍ട്ടിയാണു സി.പി.എം. പൗരന്റെ ജനാധിപത്യ അവകാശമായ വോട്ടവകാശം പോലും വിനിയോഗിക്കാന്‍ സി.പി.എം സമ്മതിക്കുന്നില്ല. കള്ളവോട്ടും അക്രമവും നടത്തി ജനാധിപത്യം അട്ടിമറിക്കുകയാണു സി.പി.എം ചെയ്യുന്നത്. ഇതു തുടര്‍ന്നാല്‍ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും തകര്‍ച്ചയാണു കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നു സുധീരന്‍ പറഞ്ഞു.
മോദി ഭരണം നാടിനെ അരാജകത്വത്തിലേക്കാണു നയിച്ചത്. മോദി തകര്‍ത്തെറിഞ്ഞ മതേതര മൂല്യങ്ങളും മറ്റു ജനാധിപത്യ അവകാശങ്ങളും തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരുസര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും അതിനായി യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എം. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ.പി കുഞ്ഞിക്കണ്ണന്‍, എം. നാരായണന്‍കുട്ടി, എസ്.എ ഷുക്കൂര്‍ ഹാജി, ഡി.കെ ഗോപിനാഥ്, കെ.ടി സഹദുല്ല, ബി. സജിത് ലാല്‍, കെ.വി കൃഷ്ണന്‍, പി. ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."