വിസ്മൃതിയിലായ വിദ്യാലയത്തിലെ ഓര്‍മകള്‍ പുതുക്കാന്‍ അവരിന്ന് ഒത്തുകൂടുന്നു
ഒലവക്കോട് : ഒന്നരനൂറ്റാണ്ടു പഴക്കമുള്ള നഗരസഭയില്‍ ഒരു നൂറ്റാണ്ടിലുമപ്പുറം അക്ഷരജ്ഞാനം പകുത്തു നല്‍കിയ വിശ്വഗേഹത്തിന്റെ വിസ്മൃതിയില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ വീണ്ടും സംഗമിക്കുകയാണ്. പാലക്കാട് നഗരത്തില്‍ സുല്‍ത്താന്‍പേട്ട ഹെഡ്‌പോസ്റ്റോഫീസിനു മുന്‍വശത്തുള്ള വി.വി.പി ഹൈസ്‌കൂള്‍ അടച്ചുപൂട്ടിയിട്ട് കാല്‍നൂറ്റാണ്ടാവുന്നെങ്കിലും വിദ്യാര്‍ഥികള്‍ ഇന്നും തങ്ങളുടെ വിദ്യാലയത്തെ പൂര്‍വാധികം ബഹുമാനിക്കുകയാണ്. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ക്കായി വി.വി.പി ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ കുലപതി സ്‌കൂളും ഉണ്ടായിരുന്നു. ഇന്ന് ജില്ലയിലും സംസ്ഥാനത്തും പ്രശസ്തരായ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, കവികള്‍, നോവലിസ്റ്റുകള്‍, രാഷ്ട്രീയ സംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങി നിരവധി പേരാണ് വിവിപിയുടെ അക്ഷരജ്ഞാനത്തിന്റെ പാത്രീഭൂതരായിട്ടുള്ളത്. എന്നാല്‍ മാനേജ്‌മെന്റുകള്‍ തമ്മിലുള്ള സാമ്പത്തിക -സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് നഗരത്തില്‍ ഒരു കാലഘട്ടം മുഴുവനും തലയെടുപ്പോടെ നിന്നിരുന്ന വിദ്യാലയത്തിന് തിരശ്ശീല വീണത്. വി.വി.പി ഹൈസ്‌കൂള്‍ അടച്ചുപൂട്ടി 2 പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പൂര്‍വവിദ്യാര്‍ഥികള്‍ ഇതിനകം നിരവധി തവണ ഒത്തുകൂടി കഴിഞ്ഞിരുന്നു.
ഇതില്‍ നിരവധിപേര്‍ ഇപ്പോഴും പല മേഖലകളിലും പ്രശസ്തിയാര്‍ജ്ജിച്ചവരാണ്. 2013-ല്‍ തൃപ്തി ഹാളിലാണ് ആദ്യമായി വിവിപിയുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയെന്നതിനാല്‍ ഇത് പലരിലും ഊര്‍ജ്ജം പകര്‍ന്നിരുന്നു. തുടര്‍ന്ന് അവര്‍ തങ്ങളുടെ പൂര്‍വകാലബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി വീണ്ടും സംഗമിക്കുകയാണിന്ന്. കഴിഞ്ഞ വര്‍ഷവും നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഇവര്‍ ഒത്തുകൂടിയിരുന്നത് ഏറെ ഉത്സാഹഭരിതമായിരുന്നു. വി.വി.പി ഹൈസ്‌കൂളിലെ പൂര്‍വവിദ്യാകാല പഠിതാക്കളും വി.വി.പി ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായ നടരാജനും സെക്രട്ടറിയുമായ കെ. കരുണാകരനുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നു കാലത്ത് 10 മണിക്ക് കെ.എസ്.ആര്‍.ടി.സിയ്ക്കു സമീപമുള്ള ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തിലാണ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ജനറല്‍ബോഡിയോഗം നടക്കുന്നത്. യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വി.വി.പി ഹൈസ്‌കൂളിലെ ആദ്യകാലവിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കുന്ന ഈ സംഗമം ഒരു ആഘോഷമായി മാറ്റാനൊരുങ്ങുകയാണ് വിസ്മൃതിയിലായിട്ട് രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വി.വി.പി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുമെല്ലാം. ജില്ലയില്‍ നൂറ്റാണ്ടോളം പഴക്കമുള്ള നിരവധി വിദ്യാലയങ്ങളും കലാലയങ്ങളുമുണ്ടെങ്കിലും വി.വി.പി ഹൈസ്‌കൂള്‍ എന്ന ആ വിശ്വഗേഹം ഇന്നും പൂര്‍വവിദ്യാര്‍ഥികളുടെ മാത്രമല്ല പാലക്കാട് ജില്ലക്കാരുടെ തന്നെ മനസ്സില്‍ മായാത്ത ഓര്‍മകളുടെ ഒരു അനശ്വര വിദ്യാഗേഹമാവുകയാണ് കാലങ്ങളെത്ര കഴിയുമ്പോഴും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."