മലമ്പുഴ ആര്‍ട്ട് ഗ്യാലറി മാറ്റി സ്ഥാപിക്കാന്‍ നീക്കം
പാലക്കാട്:കേരള ലളിത കലാ അക്കാദമിയുടെ മലമ്പുഴയില്‍ സ്ഥാപിച്ച ആര്‍ട്ട് ഗ്യാലറി മാറ്റി സ്ഥാപിക്കാന്‍ നീക്കം. സന്ദര്‍ശകര്‍ കുറവായതിനാലാണ് ഈ നടപടി. ഗ്യാലറിയുടെ ചുറ്റുപാടുകളും പരിസരങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. മലമ്പുഴയിലേക്ക് വരുന്ന വിദേശീയരെയും, മററു സന്ദര്‍ശകരെയും ആകര്‍ഷിക്കാനും സാംസ്‌കാരിക വളര്‍ച്ചക്കും വേണ്ടിയാണ് മലമ്പുഴയില്‍ ലളിത കലാഅക്കാദമി ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചത്. 2013 ഏപ്രില്‍ 28 നാണ് ഗ്യാലറി പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തത്. ജില്ലാ ടൂറിസം വികസന കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലവും കെട്ടിടവും.
ഗ്യാലറിയുടെ പ്രാരംഭത്തില്‍ പെയിന്റിങ്ങുകളോടൊപ്പം വിവിധ പ്രദര്‍ശനങ്ങളും നടത്തിയിരുന്നു. ചിത്രങ്ങള്‍ വിശകലനം ചെയ്യാനും ഗ്യാലറിയുടെ പരിചരണത്തിനുമായി ഒന്നില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ഇന്നിപ്പോള്‍ ഇതിന്റെ അവസ്ഥ പരിതാപകരമാണ്. ദിവസത്തില്‍ ഒരാളെങ്കിലും വന്നാലായി. ഗ്യാലറി വൃത്തിയാക്കാനും മറ്റുമായി ഒരു ജീവനക്കാരി മാത്രമാണ് നിലവില്‍ ഉള്ളത്. പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഗ്യാലറി സ്ഥിതിചെയ്യുന്നത്. ഉദ്യാനത്തില്‍ നിന്ന് ഇടതുവശത്തേക്കുള്ള റോഡിലാണ് ഗ്യാലറി. പക്ഷേ അവിടെ അങ്ങനൊരു ആര്‍ട്ട് ഗ്യാലറി ഉണ്ടെന്ന് ഉദ്യാന സന്ദര്‍ശകര്‍ക്ക് അറിയില്ല. വഴികാട്ടിയായി ഗ്യാലറിയുടെ ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. ഗ്യാലറിയുടെ എതിര്‍വശത്തു തന്നെയാണ് റോക്ക് ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. അതിന്റെയും അവസ്ഥ സമാനമാണ്. വേനലവധിയായതിനാല്‍ ഉദ്യാന സന്ദര്‍ശകര്‍ കൂടുതലാണ്. ഈ സമയത്തും ഗ്യാലറിസന്ദര്‍ശകരുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലാണ്. കാടു വെട്ടിത്തെളിക്കാനും നോക്കിനടത്താനുമായി ആരുംതന്നെയില്ല. അടിച്ചു തെളിക്കാനും പ്രദര്‍ശനമുറി വൃത്തിയാക്കാനായി ഒരു ജീവനക്കാരി മാത്രമാണുള്ളത്. പാലക്കാടിന്റെ ചരിത്രവും ഭംഗിയും എടുത്തുകാട്ടുന്ന ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ ഗ്യാലറിയിലുണ്ട്. ഒരോ ചിത്രവും ഒരോ കഥ പറയും. ഗ്യാലറിയിലെത്തുന്നവര്‍ക്ക് മിഴിവേകുന്ന ഒരനുഭവമാണ് ആര്‍ട്ട് ഗ്യാലറിയിലുള്ളത്. ശരിയായ രീതിയിലില്‍ നോക്കിനടത്താതുകൊണ്ടും ആളുകള്‍ക്ക്് അറിവില്ലാത്തതുംകൊണ്ടാണ് ഗ്യാലറിക്ക് ഈ ശോചനീയാവസ്ഥ. ഒരു നോക്കുകുത്തിയായി അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിയപ്പോഴാണ് ഗ്യാലറി മാറ്റിസ്ഥാപിക്കുക എന്നാശയത്തിലെത്തിയത്. ജില്ലയില്‍ തന്നെ മറ്റെവിടെയെങ്കെിലും സ്ഥലം കിട്ടുകയാണെങ്കില്‍ ആര്‍ട്ട് ഗ്യാലറി അങ്ങോട്ട് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."