HOME
DETAILS
MAL
മൂന്ന് ദിവസത്തിനുള്ളില്‍ ഇടുക്കി ഡാമില്‍ 'ബ്ലൂ അലര്‍ട്ട്'
backup
August 10 2020 | 07:08 AM
തൊടുപുഴ: കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 8.52 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ 'ബ്ലൂ അലര്‍ട്ട്' പ്രഖ്യാപിക്കും.
ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ശരാശരി നാലടി വീതം ദിവസവും ജലനിരപ്പ് ഉയരുന്നുണ്ട്. നീരൊഴുക്ക് ഈ നിലയില്‍ തുടര്‍ന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ അലര്‍ട്ട് പ്രഖ്യാപിക്കും. 2378.58 അടിയില്‍ ല്‍ ഓറഞ്ചും 2379.58 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് അണക്കെട്ട് തുറക്കാനുള്ള നടപടി തുടങ്ങും.
2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പ്രളയസാധ്യത ഒഴുവാക്കുന്നതിനുള്ള മുന്നൊരുക്കത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരോ സമയത്തും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് കേന്ദ്ര ജലക്കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇടുക്കി പദ്ധതിയില്‍ ചെറുതോണി ഡാമിനാണ് ഷട്ടര്‍ ഉള്ളത്. 2373 അടിയിലാണ് ഷട്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 10.88 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 74.664 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം 58.19 % വെള്ളമാണ് സംഭരണിയിലുള്ളത്.
ഇന്നലെ ഉച്ചവരെ കുറഞ്ഞ് നിന്ന മഴ വൈകിട്ടോടെ വീണ്ടും ശക്തമായി. മുല്ലപ്പെരിയാര്‍ ജലം കൂടി എത്തുന്ന സാഹചര്യമുണ്ടായാല്‍ ഇടുക്കിയിലെ ജലനിരപ്പ് കുതിച്ചുയരും. 2018 ഓഗസ്റ്റ് 8 ന് ഇടുക്കി ഡാം തുറക്കുകയും ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.1 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇന്നലെ രാത്രിയിലെ കണക്കുപ്രകാരം 136.1 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് മുമ്പ് നിജപ്പെടുത്തിയിരുന്ന ജലനിരപ്പ് 136 അടിയായിരുന്നു.
ഈ അളവിലാണ് അന്ന് സ്പില്‍വേ ഷട്ടറുകള്‍ ക്രമീകരിച്ചിരുന്നത്. മഴ കുറഞ്ഞതോടെ രണ്ട് ദിവസമായി സാവധാനമാണ് ജലനിരപ്പ് ഉയുരുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്.
സെക്കന്റില്‍ 5240 ഘടയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 2010 ഘടയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2018 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം സ്പില്‍വേയിലൂടെ ഒഴുക്കിയതാണ് പെരിയാറ്റില്‍ പ്രളയത്തിന്റെ തീവ്രത കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."