അപകടക്കെണിയായി ചാണോക്കുണ്ട് പാലം
ആലക്കോട്: സംസ്ഥാനപാതയായ തളിപ്പറമ്പ്-മണക്കടവ് റോഡിന്റെ ഭാഗമായ ചാണോക്കുണ്ട് പാലത്തില്‍ വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ അധികൃതര്‍ കാഴ്ചക്കാരാകുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ പതിനഞ്ചോളം അപകടങ്ങളാണുണ്ടായത്. ആരുടെയും ജീവന് നഷ്ടപ്പെട്ടില്ലെന്നതാണ് ആശ്വാസം. കഴിഞ്ഞദിവസം ലോറി അപകടത്തില്‍പ്പെട്ടതാണ് ഒടുവിലത്തെ സംഭവം. അപകടത്തില്‍ ലോറി കൈവരി തകര്‍ത്തു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മാസങ്ങള്‍ക്കു മുന്‍പ് പാലത്തില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്നു ബസിന്റെ മുന്‍ചക്രം കൈവരി തകര്‍ത്തു പുറത്തുചാടിയെങ്കിലും അന്നും ദുരന്തം ഒഴിവായി. നിറയെ യാത്രക്കാരുമായി വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏതാനും വര്‍ഷം മുന്‍പ് നിയന്ത്രണംവിട്ട ലോറിയിടിച്ച് ബസടക്കം മൂന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. സിമന്റ് കയറ്റി വന്ന ലോറി പുഴയില്‍ വീണെങ്കിലും ജീവഹാനി സംഭവിച്ചില്ല. തുടരെയുള്ള അപകടങ്ങള്‍ മൂലം പാലത്തിന്റെ കൈവരിയുടെ ഏറിയ ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ മലയോരത്തെ മൂന്നു പാലങ്ങളില്‍ അപകടാവസ്ഥ കൂടുതലും ചാണോക്കുണ്ട് പാലത്തിലാണ്.
വീതി കുറവും ഒരു വശത്തെ റോഡിന്റെ കുത്തനെയുള്ള ചെരിവുമാണ് അപകടത്തിനു കാരണം. നാലു പതിറ്റാണ്ടു മുന്‍പ് താല്‍ക്കാലികമായി നിര്‍മിച്ച പാലമാണിത്. അതേസമയം പാലത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."