പാരിസ് ഭീകരാക്രമണം: എന്‍.ഐ.എ ഫ്രാന്‍സിലെത്തി വിവരം കൈമാറി പങ്കുവച്ചത് സുബ്ഹാനിയുടെ മൊഴിയുടെ വിശദാംശങ്ങള്‍
പാരിസ്: 2015 ലെ ഫ്രാന്‍സ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് അന്വേഷണ സംഘത്തിന് വിവരം നല്കാന് മലയാളി ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട എന്‍.ഐ.എ സംഘം ഫ്രാന്‍സിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരം ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തെ ധരിപ്പിക്കാനാണ് എന്‍.ഐ.എ സംഘമെത്തിയത്. മലയാളിയായ അസിസ്റ്റന്റ് സൂപ്രണ്ട് ഷൗക്കത്ത് അലി, ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍സ്പെക്ടര്‍ ജനറല്‍, മറ്റൊരു ഉദ്യോഗസ്ഥന് എന്നിവരാണ് ബുധനാഴ്ച പാരിസിലെത്തിയത്. സംഘം ഇന്ന് നാട്ടിലേക്ക് തിരിക്കും.
എന്‍.ഐ.എ അറസ്റ്റ്ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് പാരിസ് ആക്രമണത്തില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇറാഖിലെ മൗസിലില്‍ വച്ച് സുബ്ഹാനി പാരിസ് ആക്രമണം നടത്തിയ സംഘവുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. ഈ വിശദാംശങ്ങള്‍ ഫ്രഞ്ച് പൊലിസിനെ അറിയിക്കാനാണ് എന്‍.ഐ.എ പാരിസിലെത്തിയത്. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്കാന് എന്‍.ഐ.എയോട് ഫ്രഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു.
ഉമര്‍ ഖാതി ഖലീഫ് എന്ന പേരിലുള്ള എന്‍.ഐ.എ റജിമെന്റില്‍ ജോലി ചെയ്തതായി സുബ്ഹാനി എന്‍.ഐ.എയ്ക്ക് നല്കിയ മൊഴിയും ഫ്രഞ്ച് സംഘത്തിന് നല്കി. അബൂ സുലൈമാന്‍ അല്‍ ഫ്രാന്‍സി എന്നയാളായിരുന്നു ഗ്രൂപ്പിന്റെ കമാന്‍ഡര്‍. ഇയാള്‍ ഫ്രഞ്ചുകാരനാണെന്നാണ് സംശയിക്കുന്നത്. സുബ്ഹാനി റജിമെന്റില്‍ താമസിക്കുന്നതിനിടെ പാരിസ് ആക്രമണത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന അബൂ സുലൈമാന്‍, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം, മുഹമ്മദ് ഉസ്മാന് എന്നിവര്‍ സുലൈമാനിയെ കാണാന്‍ വന്നിരുന്നുവെന്നും സുബ്ഹാനി മൊഴി നല്‍കിയിട്ടുണ്ട്.
ഇതില്‍ അബ്ദുല്‍ ഹമീദ് പാരിസ് ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മറ്റു രണ്ടുപേരെ ഫ്രഞ്ച് പൊലിസ് അറസ്റ്റ് ചെയ്തു. പാരിസിലെത്തിയ എന്‍.ഐ.എ സംഘവുമായി ഫ്രാന്‍സിലെ മൂന്ന് ഏജന്‍സികള്‍ യോഗം ചേരുന്നുണ്ട്.
ഫ്രഞ്ച് പൊലിസിന്റെ കസ്റ്റഡിയിലുള്ള മൂന്നു പേരുടെ ചിത്രങ്ങള്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞ വര്‍ഷം അയച്ചു കൊടുത്തിരുന്നു. ഇവരെ സുബ്ഹാനി തിരിച്ചറിഞ്ഞതായാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചി കാക്കനാട് ജയിലിലാണ് സുബ്ഹാനി ഇപ്പോഴുള്ളത്. ഈയിടെ കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
തുര്‍ക്കി വഴിയാണ് സുബ്ഹാനി ഇറാഖിലെത്തിയത്. ഐ.എസ് കക്യാംപില്വച്ച് സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുബ്ഹാനി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച സുബ്ഹാനിയെ ഐ.എസ് ആസ്ഥാനമായ റഖയില്‍ ജയിലാക്കിയെങ്കിലും ഇന്ത്യയില്‍ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കാമെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നുവെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. 2015 നവംബറിലെ പാരിസ് ഭീകരാക്രമണത്തില്‍ 137 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."