കോച്ച് ഫാക്ടറി സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിലപാടെടുത്തതിനെ തുടര്‍ന്ന് പ്രതീക്ഷ അവസാനിച്ച പാലക്കാട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളക്കുന്നു.
യു.പി.എ അധികാരത്തിലെത്തിയാല്‍ പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനമാണ് കോച്ച് ഫാക്ടറി സ്വപ്നങ്ങള്‍ക്ക് ശക്തിപകരുന്നത്. 2008-09 ലെ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതി പ്രകാരം 550 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. പ്രതിവര്‍ഷം 450 കോച്ചുകളുണ്ടാക്കാവുന്ന ഫാക്ടറി സംസ്ഥാനത്തിന്റെ വികസന കവാടമാകുന്ന പദ്ധതിയെന്ന നിലയിലാണ് കേരളം കണ്ടിരുന്നത്. 2012ലാണ് കഞ്ചിക്കോട്ട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്.എന്നാല്‍ വര്‍ഷങ്ങള്‍ പലത് പിന്നിട്ടപ്പോഴും കോച്ച് ഫാക്ടറിയില്‍ നിന്ന് കോച്ചുകള്‍ ഒന്നും നിര്‍മിക്കപ്പെട്ടിട്ടില്ല. പകരം കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വാദപ്രതിവാദങ്ങളും ഇന്നും ചൂളം വിളിച്ചു കുതിക്കുകയാണ്. പാലക്കാട് കോച്ച് ഫാക്ടറി സംയുക്ത സംരംഭം ആയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയോ നിര്‍മിക്കുന്നതിനായി 2012-2013 ബജറ്റില്‍ വീണ്ടും അനുമതി നല്‍കിയിരുന്നു.
പാലക്കാട് ഫാക്ടറി തുടങ്ങിയാല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്ര കോച്ചുകള്‍ രാജ്യത്തിന് ആവശ്യമില്ലെന്ന വാദം ഉയര്‍ത്തിയാണ് മോദി സര്‍ക്കാര്‍ കോച്ച് ഫാക്ടറി പദ്ധതിയില്‍ നിന്നും പിന്മാറിയത്. അതേസമയം, ഹരിയാനയിയിലും യുപിയിലും പുതിയ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു.
പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍. താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചതിനു പകരമായി കേന്ദ്രസര്‍ക്കാര്‍ പാലക്കാട് കോച്ച് ഫാക്ടറി ഉറപ്പു നല്‍കിയിരുന്നു. 2012 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയാണ് ഫാക്ടറിക്ക് ശിലാസ്ഥാപനവും നിര്‍വഹിച്ചത്.
1982 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് കോച്ച് ഫാക്ടറി ആദ്യമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ആ വാഗ്ദാനം നിറവേറ്റാതെ പഞ്ചാബില്‍ ഫാക്ടറി സ്ഥാപിക്കുകയാണുണ്ടായത്. റെയില്‍വേ നിക്ഷേപം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് ഇന്നും കേരളം. റെയില്‍വേ സ്റ്റേഷനുകളും തീവണ്ടിപ്പാളങ്ങളുമൊഴികെ മറ്റൊരു നിക്ഷേപവും റെയില്‍വേ കേരളത്തില്‍ നടത്തുന്നില്ല. കേരളത്തിലെ റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന് നേരെ കേന്ദ്രം ഇന്നും മുഖം തിരിച്ച് നില്‍ക്കുകയാണ്. ആവശ്യത്തിന് റെയില്‍ പാളങ്ങള്‍ നിര്‍മിക്കാത്തതു കാരണം ഏറ്റവും കുറഞ്ഞ വേഗത്തില്‍ തീവണ്ടിയോടുന്നതും കേരളത്തിലാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 5 വര്‍ഷം മുന്‍പ് ശിലാഫലകം സ്ഥാപിച്ച റെയില്‍വേ കോച്ച് ഫാക്ടറി ഇനിയുണ്ടാവില്ലെന്ന റെയില്‍വേയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷം യു.പി.എ സര്‍ക്കാര്‍ വന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ മാത്രമാണ് കേരളത്തിന് ഇനി ബാക്കിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."