11 മണ്ഡലങ്ങളില്‍ ആംആദ്മി പിന്തുണ യു.ഡി.എഫിന്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ ഒരിടത്തൊഴികെ മറ്റിടങ്ങളില്‍ ആംആദ്മി പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും. സംസ്ഥാനത്തെ മറ്റ് എട്ട് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സംഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കും. എന്‍.ഡി.എ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്കാണ് പിന്തുണ നല്‍കുക. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കാണ് പിന്തുണയെന്നും അവര്‍ അറിയിച്ചു.
ഏതെങ്കിലും ഒരു മുന്നണി സ്ഥാനാര്‍ഥിക്കൊപ്പം ആംആദ്മി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദി പങ്കിടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ലെന്നും സംഘ്പരിവാറിനെതിരേ സ്വന്തം നിലയില്‍ പ്രചാരണം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. കേരളത്തില്‍ ആംആദ്മി ഒരു മുന്നണിയുടെയും ഭാഗമല്ല. അതിനാല്‍ ഒരു മുന്നണിക്കും ഏകപക്ഷീയമായ പിന്തുണ നല്‍കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തി മാത്രമാണ് തെരഞ്ഞെടുപ്പിലെ നയം തീരുമാനിച്ചത്.
ഓരോ മണ്ഡലങ്ങളെയും പരിഗണിച്ച് സംഘ്പരിവാറിനെതിരേ വിജയം നേടാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വിനോദ് മേക്കോത്ത്, എ.കെ ആലിക്കുട്ടി, എം.പി സനോവര്‍, ഫൈസല്‍ നടുവട്ടം, എസ്.എ അബൂബക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."