അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം
ശസ്ത്രക്രിയ നീണ്ടത് ഏഴ് മണിക്കൂര്‍
കൊച്ചി: ചികിത്സക്കായി മംഗലാപുരത്തുനിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ഏഴു മണിക്കൂര്‍ നീണ്ട ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ ഒന്‍പതോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരം നാലിനാണ് അവസാനിച്ചത്.
കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. അതിനാല്‍ ഈ സമയം കുഞ്ഞ് ഐ.സി.യു.വില്‍ നിരന്തര നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ. മംഗളൂരു ആശുപത്രിയില്‍നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ചൊവ്വാഴ്ച ആംബുലന്‍സില്‍ കുഞ്ഞിനെ അമൃതയില്‍ എത്തിച്ചത്. തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ട് ടീം ആലോചിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."