അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിലെ ചതിക്കുഴികള്‍
ഭാവിഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ നവ അജന്‍ഡകള്‍ സ്വീകരിക്കണമെന്ന ഉപദേശം ഒരിക്കല്‍ക്കൂടി ഭാരത സംസ്‌കൃതിയെ പരിഹസിക്കണമെന്നു പഠിപ്പിക്കലാണ്. മൂല്യങ്ങളോട് രാജിയായി മൃത മനുഷ്യരായി കഴിയണം എന്ന വാദം എത്ര ചിന്തിച്ചാലും പരിഷ്‌കൃതമാവുന്നില്ല. ഒഴുക്കിന് അനുകൂലമായി നീന്താന്‍ ശവത്തിനു കഴിയും എന്നറിയാത്തവരായി അധികപേരുണ്ടാവില്ല. ഫാസിസ്റ്റുകള്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അതുകൊണ്ടാണവര്‍ സമയബന്ധിതമായി മുന്നേറുന്നത്. ആറു വര്‍ഷം മുമ്പ് ബി.ജെ.പി മുന്നോട്ടുവച്ച പ്രകടനപത്രികയിലെ മൂന്ന് പ്രധാന കാര്യങ്ങളാണുള്ളത്. ഒന്ന്, ഭരണഘടനയില്‍ കശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന 370 വകുപ്പ് റദ്ദാക്കും. രണ്ട്, അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണം യാഥാര്‍ഥ്യമാക്കും. മൂന്ന്, രാജ്യത്തെല്ലാവര്‍ക്കും ഒരു വ്യക്തി നിയമം കൊണ്ടുവരും. രണ്ടു വന്‍ ദിനോസറുകള്‍ക്ക് മുമ്പിലാണ് ഇന്ത്യന്‍ മതേതരത്വം എന്ന് വികാരനിര്‍ഭരനായി പ്രസംഗിച്ചത് കപില്‍ സിബല്‍ എന്ന പ്രമുഖ അഭിഭാഷകനാണ്. തെരുവില്‍ കെട്ടിയ സ്റ്റേജില്‍ അല്ല അദ്ദേഹം ഇത് പറഞ്ഞത്. രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലില്‍ ദാമോദര്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും സാക്ഷിനിര്‍ത്തിയാണ്. 37.36 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബി.ജെ.പി.ക്ക് അവശേഷിക്കുന്ന ഭൂരിപക്ഷം സെക്യുലര്‍ മനസുകളെ ചതിയില്‍പ്പെടുത്താന്‍ അവസരം സൃഷ്ടിക്കാതെ കാവലിരിക്കാന്‍ മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ചരിത്രപരമായ ബാധ്യതയുണ്ട്.
ആര്‍.എസ്.എസ് കൃത്യമായ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന സംഘടനയാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവര്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്. 'ഈ നാടിന്റെ ശത്രുക്കളുമായി അവര്‍(മുസ്‌ലിംകള്‍)ഒരു താദാത്മ്യ വികാരം വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ പുണ്യസ്ഥലങ്ങള്‍ എന്ന നിലയില്‍ ചില വിദേശരാജ്യങ്ങളിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. ശൈഖുകള്‍, സയ്യിദുകള്‍ എന്ന് അവര്‍ സ്വയം വിളിക്കുന്നു. അറേബ്യയിലെ ചില ഗോത്രങ്ങളാണിത്. അപ്പോള്‍ പിന്നെ ഞങ്ങള്‍ അവരുടെ പിന്‍ഗാമികളാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നാന്‍ ഇടയാക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാല്‍ ഈ നാടുമായുള്ള സകലവിധ പൂര്‍വികബന്ധങ്ങളും ഇവര്‍ വിച്ഛേദിക്കുകയും അക്രമികളുമായി മാനസികമായി ഐക്യപ്പെടുകയും ചെയ്തിരിക്കുന്നു' (ഗോള്‍വാള്‍ക്കര്‍. വിചാരധാര - പേജ് 128). ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയാണിത്. ഈ രാഷ്ട്രീയ ഭീകരതയുമായി ഒത്തുപോകാനുള്ള അജന്‍ഡ കീഴടങ്ങുക എന്നതാണോ? സെക്യുലര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി, പിന്തുണച്ചു രാജ്യത്തെയും രാജ്യത്തിന്റെ സംസ്‌കാരത്തെയും കാവലിരിക്കാന്‍ കടമപ്പെട്ടവര്‍ സ്വത്വം മറന്നു സംസാരിക്കുന്നതില്‍ ദുരൂഹതയുണ്ട്.
ശത്രുതാപരമായ പ്രചരണങ്ങളാണ് ആര്‍.എസ്.എസ് നടത്തിവരുന്നത്. മതന്യൂനപക്ഷങ്ങള്‍ അമ്പലങ്ങള്‍ക്ക് എതിരല്ല. എല്ലാവരുടെയും വിശ്വാസ സ്വാതന്ത്ര്യം പരിഗണിക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഗാന്ധി ഘാതകന്‍ ഗോഡ്‌സെക്ക് അമ്പലമുള്ള നാടാണ് ഇന്ത്യ. എന്നാല്‍, ആര്‍.എസ്.എസ് മുസ്‌ലിം വേട്ട ലക്ഷ്യമാക്കി പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിവരുന്നു. 'മതപരം, സാംസ്‌കാരികം, സാമൂഹികം തുടങ്ങിയ എല്ലാ തുറകളിലും നമ്മുടെ ജീവിതരീതിയോട് അവന് (മുസ്‌ലിം) നഖശിഖാന്തം എതിര്‍പ്പായിരുന്നു. അവന്റെ ഉള്ളിന്റെ ഉള്ളില്‍ ആ ശത്രുത നിലനിന്നു. അവന്‍ എണ്ണത്തിലും ചെറുതായിരുന്നില്ല. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണം അവര്‍ക്കായിരുന്നു' (വിചാരധാര- പേജ് 148). ഒരു ജനാധിപത്യ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മാനിഫെസ്റ്റോയാണിത്. അനീതിയുടെ ആള്‍രൂപമായി അധികാരത്തിന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും മുസ്‌ലിംകള്‍ക്കെതിരേ തൊടുത്തുവിടുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പോലും ഈ വിരോധം തീര്‍ക്കല്‍ കാണാന്‍ കഴിയും. രാജ്യത്തെ ബദല്‍ മതേതര രാഷ്ട്രീയം ദുര്‍ബലമാവാതെ സൂക്ഷിക്കേണ്ടത് പൊതുബാധ്യത കൂടിയാണ്. ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിക്കുന്ന ദുഷ്ടശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കടമ കലഹിച്ചും തര്‍ക്കിച്ചും ഇല്ലാതാക്കരുത്.
ഫാസിസ്റ്റുകള്‍ക്കെതിരേ അര്‍ഥപൂര്‍ണമായി ഇന്ത്യയില്‍ നിലകൊള്ളുന്ന രാഷ്ട്രീയബദല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വ്യാപക ആള്‍ബലമില്ല. ശ്രീമതി ഇന്ദിരാഗാന്ധി കൊണ്ടുവന്ന ആഭ്യന്തര അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപപ്പെട്ട പ്രാദേശിക രാഷ്ട്രീയ ചലനങ്ങള്‍ ഒരു കേന്ദ്രീകൃത ദേശീയ ശക്തിയായി വളര്‍ത്തിയെടുക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചിട്ടുമില്ല. എല്ലാ അവസരങ്ങളും സമര്‍ഥമായി മുതലെടുത്തത് ബി.ജെ.പിയാണ്. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അവിശ്വസിക്കുകയും അകറ്റുകയും ചെയ്യുന്നത് കൂടുതല്‍ അപകടം വരുത്തും. സെക്യുലര്‍ സമൂഹത്തില്‍നിന്ന് ചെറു ഗ്രൂപ്പുകള്‍ രൂപീകരിച്ചു ഭിന്നിച്ചുപോകുന്നതും അപകടമാണ്. മതന്യൂനപക്ഷങ്ങളുടെ ഭാവി അജന്‍ഡ മതേതര ശക്തികളെ സഹായിക്കലും ഒപ്പം നില്‍ക്കലും തന്നെയാണ്. മറിച്ചുള്ള ചിന്ത ആത്മഹത്യാപരം തന്നെ. ഇന്ത്യയില്‍ മതേതര ശക്തികള്‍ക്ക് തന്നെയാണ് ഭാവിയുള്ളത്. അവരിലാണ് വലിയ ശതമാനം ഭാരതീയരും വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്. ഫാസിസ്റ്റ് രാഷ്ട്രീയവുമായി മല്‍പ്പിടുത്തം നടത്താനുള്ള മസില്‍ പവറുള്ളത് മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നത് കാവി മനസുകളാണ്. അറിഞ്ഞോ അറിയാതെയോ അവര്‍ കുഴിച്ച കുഴിയില്‍ വീഴാന്‍ ഉപദേശിക്കുന്നവര്‍ വീണ്ടുവിചാരം നടത്തണം.
ഇന്ത്യയെ ഒരിക്കലും മതരാഷ്ട്രമാവാന്‍ അനുവദിക്കരുത്. ശ്രീരാമനെ രാഷ്ട്രീയ ലക്ഷ്യത്തിനാണ് മോദി ഉപയോഗിക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിച്ച സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമിപൂജ ചടങ്ങിനും ശിലാസ്ഥാപനത്തിനും മതേതര രാജ്യമായ ഭാരതത്തിന്റെ പ്രധാനമന്ത്രി നായകത്വം വഹിച്ചു. ഇങ്ങ് കേരളത്തിലെ പൊലിസ് സ്റ്റേഷന്‍ മുതല്‍ അങ്ങ് അബൂദബിയിലെ ഒരു മലയാളി കടയില്‍വരെ ആര്‍.എസ്.എസുകാര്‍ മധുരം വിതരണം ചെയ്തു ആഘോഷിച്ചു. ജനമനസ്സുകളില്‍ ഹിന്ദുത്വ വികാരം വളര്‍ത്തി മതഭീകരവാദികളെ നിര്‍മിക്കുന്നതില്‍ നരേന്ദ്രമോദി വിജയിച്ചു. രാഷ്ട്രം കൊവിഡ് മഹാമാരിയില്‍ പെട്ട് ശ്വാസംമുട്ടുമ്പോഴാണ് ഹിന്ദുത്വഭീകരര്‍ മതേതരത്വത്തെ വീണ്ടും പരിഹസിച്ചത്. കോടതി വിധിയല്ലേ, ആയുധംവെച്ച് കീഴടങ്ങി പുതിയ ലിസ്റ്റിലുള്ള പള്ളികള്‍ പൊളിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് പ്രചോദനം നല്‍കണമെന്നാണ് ചിലരുടെ പക്ഷം. കോടതി വിധി അനീതിയാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്. വിധിയുടെ ആമുഖത്തില്‍ കോടതി തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് മുസ്‌ലിംകളുടേതാണ്, അവകാശത്തര്‍ക്കം ഇല്ല, പള്ളി ബലംപ്രയോഗിച്ച് പൊളിച്ചതാണ്. ഇത് ക്രിമിനല്‍ കുറ്റമാണ് - ഇതൊക്കെ പറഞ്ഞത് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് തന്നെയാണ്.
ഇന്ത്യ നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതും മതേതര അടിത്തറയില്‍ തന്നെയാണ്. അതിനു വേണ്ടിയുള്ള പോരാട്ടമാണ് തുടരേണ്ടത്. 'വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മുന്‍പില്‍ ഉത്തരം മുട്ടി അധ്യാപകന്‍ വിദ്യാര്‍ഥിയെ പുറത്താക്കി. അപ്പോഴും ചോദ്യം അവിടെ അവശേഷിക്കുന്നു' - മലയാളത്തിലെ പ്രമുഖ ചിന്തകന്‍ പറഞ്ഞുതന്ന ഈ യാഥാര്‍ഥ്യം ബാബരി മസ്ജിദ് വിഷയത്തിലും നിലനില്‍ക്കുന്നുണ്ട്. പുതിയ ക്ലീന്‍ േസ്ലറ്റില്‍നിന്ന് പഠിച്ചുതുടങ്ങാന്‍ ഉപദേശിക്കുന്നവര്‍ നൈതികതയുമായി രാജിയാവാനാണ് ആവശ്യപ്പെടുന്നത്. അധികം താമസിയാതെ ചരിത്രപാഠങ്ങളില്‍നിന്ന് ബാബരി മസ്ജിദ് മായ്ച്ചുകളയാന്‍ ഉപദേശികള്‍ മുന്നിലുണ്ടാവും. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ നട്ടെല്ലു വേണം, സ്വത്വബോധവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."