വേങ്ങരയില്‍ ഡെങ്കിപ്പനി വ്യാപകം
വേങ്ങര: വേങ്ങരയിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാവുന്നു. ഒരു മാസത്തിനിടെ 17 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. മലയോര പ്രദേശങ്ങളായ കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലാണ് പനി വ്യാപകമായിട്ടുളളത്. കഴിഞ്ഞ ദിവസം കണ്ണമംഗലത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം കരിങ്കല്‍ ക്വാറികളുളള ഇവിടെ ജലം കെട്ടിക്കിടക്കുന്നത് പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാവുന്നു. വേങ്ങരക്കു പുറമേ, പൂക്കോട്ടൂര്‍, കുറ്റിപ്പുറം ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കീഴിലും പനി വ്യാപകമാണ്. ഡെങ്കിപ്പനി വ്യാപകമായതോടെ വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ ദിവസം ബ്ലോക്ക് പരിധിയിലെ മുഴുവന്‍പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്നു സ്ഥിതിഗതി വിലയിരുത്തി.
ലഘുലേഖ വിതരണം, ടൗണുകള്‍, കവലകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ വാഹന ജാഥ എന്നിവയും നടന്നു. ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍ കുട്ടി, കെ.പി. ഫസല്‍, വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."