മോദി വാഗ്ദാനങ്ങള്‍ ലംഘിച്ച ഭരണാധികാരി: സിദ്ദു
എടക്കര: ജനങ്ങളോട് നല്‍കിയ വാക്കുകള്‍ ഓരോന്നും ലംഘിക്കാനുള്ളതാണെന്നു ബോധ്യപ്പെടുത്തിയ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു.
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുങ്കത്തറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോര്‍പറേറ്റുകള്‍ വിലസുമ്പോള്‍ വായ്പയെടുത്ത കര്‍ഷകന്‍ ജയിലിലേക്കു പോകുകയാണ്. കര്‍ഷക വായ്പക്ക് ഒരു നിയമവും കോര്‍പറേറ്റുകള്‍ക്കു മറ്റൊരു നിയമവുമാണ്. നോട്ട് നിരോധനമെന്ന വലിയ അഴിമതിയാണ് രാജ്യദ്രോഹം. ഇതു തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും സിദ്ദു പറഞ്ഞു.
കോണ്‍ഗ്രസ് ഗാന്ധിമാരെ സൃഷ്ടിച്ചപ്പോള്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ മോദിമാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വൈകിട്ട് ആറോടെ ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലൊരുക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങിയ സിദ്ദുവിന് നേതാക്കളും പ്രവര്‍ത്തകരും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. എ.ഐ.സി.സി സെക്രട്ടറി സാലിം അഹമ്മദ്, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, അഡ്വ. ബാബു മോഹനക്കുറുപ്പ്, സിദ്ദീഖലി രാങ്ങാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."