രാമംകുത്തില്‍ റെയില്‍വേ സബ്‌വേ; പ്രതീക്ഷയോടെ ഒരു ഗ്രാമം
നിലമ്പൂര്‍: രാമംകുത്തില്‍ സബ്‌വേക്ക് റെയില്‍വെ 2.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് പ്രദേശവാസികളില്‍ പ്രതീക്ഷയുടെ പുതുനാമ്പ് കുറിക്കുന്നു. നിലവില്‍ മദ്‌റസയിലേക്കും സ്‌കൂളിലേക്കും കടകളിലേക്കും മറ്റും ചെറിയ കുട്ടികള്‍ ജീവന്‍ പണയംവച്ച് രാമംകുത്തിലെ റെയില്‍വെ പാലം കുറുകെ നടന്നുപോകുന്നത് രക്ഷിതാക്കളുടെ മനസിലെ ഭീതി അകറ്റാതെയാണ്.
നിലമ്പൂര്‍ രാമംകുത്ത് നിവാസികളാണ് വര്‍ഷങ്ങളായി ഈ ആവശ്യവുമായി റെയില്‍വേ അധികൃതരുടെ കനിവുകാത്തിരിക്കുന്നത്. റെയില്‍വെ അധികൃതരുടെ പിടിവാശി മൂലം ഒരുപ്രദേശത്തിന്റെ വികസനങ്ങളാണ് തടയപ്പെട്ടു കിടന്നത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വെ പാത കടന്നുപോകുന്നത് രാമംകുത്തിന്റെ മധ്യഭാഗത്തുകൂടിയാണ്. ഏഴ് ഷെഡ്യൂളുകളിലായി 14 ട്രെയിനുകളാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാമംകുത്തിലൂടെ കടന്നുപോകുന്നത്. വിദ്യാര്‍ഥികളും പ്രായമായവരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ട്രെയിന്‍ പെട്ടെന്ന് വരുന്നത് അറിയാതെ പാലം കുറുകെ കടന്നു പോകുന്നത്.
നിലമ്പൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വരുന്ന റോഡും നിലമ്പൂരില്‍ നിന്നും ചക്കാലക്കുത്തിലൂടെ രാമംകുത്തിലേക്ക് വരുന്ന റോഡും കൂറ്റമ്പാറയില്‍ നിന്നും രാമംകുത്ത് വഴി നിലമ്പൂരിലേക്കുള്ള റോഡുകളും ജങ്ഷനില്‍ വന്ന് ഇടമുട്ടി നില്‍ക്കുകയാണ്. ബൈക്കുകളും ചെറിയ വാഹനങ്ങളും കടന്നുപോകാതിരിക്കാന്‍ റെയില്‍വേ അധികൃതര്‍ ജങ്ഷനില്‍ വലിയ ഇരുമ്പു പൈപ്പുകളിട്ട് റോഡിന് മാര്‍ഗതടസം സൃഷ്ടിക്കുന്നതും പതിവാണ്. സബ് വേയോ ആധുനിക ലെവല്‍ക്രോസോ സ്ഥാപിച്ച് നാടിന്റെ വികസനത്തിനും നാട്ടുകാരുടെ യാത്രാദുരിതം തീര്‍ക്കാനും കൗണ്‍സിലര്‍ അടുക്കത്ത് ഇസ്ഹാക്കിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് ശ്രമം നടത്തിയിരുന്നു.
നിലവില്‍ ചെറുവാഹനങ്ങള്‍ക്ക് ടൗണിലേക്ക് എത്തിപ്പെടാന്‍ റെയില്‍വെ പാതയുടെ ഓരം ചേര്‍ന്ന് പുഴയോരത്തുകൂടെ 800 മീറ്റര്‍ ചുറ്റണം.
നിലമ്പൂര്‍ ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍കറ്റ് തുടങ്ങിയ ഇടങ്ങളിലേക്ക് ബസുള്‍പ്പെടെ മറ്റു വാഹനങ്ങളിലെ യാത്രകാര്‍ക്ക് പത്തുമിനിറ്റുകൊണ്ട് നിലമ്പൂരിലെത്തുന്നതിന് പകരം രാമംകുത്ത്-തൊണ്ടിവഴി ഏഴുകിലോമീറ്ററോളം ചുറ്റി മാത്രമേ ടൗണിലെത്തിപ്പെടാനാവൂ. സബ്‌വേ യാഥാര്‍ഥ്യമായാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും. സബ്‌വേക്ക് സ്ഥലം എം.എല്‍.എയും എം.പിമാരും നഗരസഭയുമാണ് ഫണ്ട് കണ്ടെത്തേണ്ടത്. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ഐ ഷാനവാസ് എംപി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവരും നിലമ്പൂര്‍ നഗരസഭയും ഒന്നിച്ചു കൈകോര്‍ത്താല്‍ സബ്‌വേ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് രാമംകുത്ത് നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."