സ്‌കൂള്‍ കെട്ടിടം പണിയുന്നതിന്റെ മറവില്‍ ആല്‍മരം മുറിച്ചുനീക്കാന്‍ ശ്രമം; പ്രതിഷേധം ശക്തം
നിലമ്പൂര്‍: സ്‌കൂള്‍ കെട്ടിടം പണിയുന്നതിന്റെ മറവില്‍ ആല്‍മരം മുറിച്ച് നീക്കാന്‍ ശ്രമം. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് എം.എല്‍.എ ഫണ്ടില്‍ പുതിയതായി 12 ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നാല് ക്ലാസ് മുറികളുടെ നിര്‍മാണ പ്രവൃത്തികളാണ് ആദ്യം തുടങ്ങേണ്ടത്. നിലവില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഭിന്നത രൂക്ഷമായിരിക്കുകയാണ്.
പഴയ സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ ആല്‍വൃക്ഷമുള്‍പ്പെടെ 12 മരങ്ങള്‍ മുറിച്ച് നീക്കിയാല്‍ കെട്ടിടം നിര്‍മിക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. രണ്ടര പതിറ്റാണ്ടായി സ്‌കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തണലേകി നില്‍ക്കുന്ന ആല്‍മരത്തെ അടക്കം മുറിക്കാതെ കെട്ടിടം നിര്‍മിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പാലക്കാട് നിന്നടക്കമുള്ള എന്‍ജിനീയര്‍മാര്‍ സ്‌കൂളിലെത്തി നടത്തിയ പരിശോധനയില്‍ പഴയ സ്‌കൂള്‍കെട്ടിടം വളരെ സുരക്ഷിതമാണെന്നും ഇതിന് മുകളിലായി നാല് ക്ലാസ് മുറികള്‍ നിര്‍മിക്കാമെന്ന നിര്‍ദ്ദേശം വച്ചങ്കിലും നിലമ്പൂര്‍ ബ്ലോക്കില്‍ നിന്നും എന്‍ജിനീയറെ വരുത്തി കെട്ടിടം സുരക്ഷിതമല്ലെന്ന് ഒരുവിഭാഗം വാദിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
നിലവിലുള്ള പി.ടി.എ കെട്ടിടം പൊളിച്ച് രണ്ട് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചാലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഇത് തടയുന്നതിനായി അടുത്ത ദിവസം സിമന്റ് കട്ടകള്‍ വച്ച് ക്ലാസ് മുറികള്‍ നാലായി തിരിക്കുകയും ടൈല്‍സ് അടക്കമുള്ള പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തിരുന്നെങ്കിലും ഒരു വിഭാഗം അധ്യാപകരുടെ എതിര്‍പ്പ് മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ജില്ലയില്‍ തന്നെ സ്‌കൂള്‍ മുറ്റത്ത് തണലേകി ഇത്രയേറെ മരങ്ങള്‍ നില്‍ക്കുന്നത് അപൂര്‍വമാണ്. ആല്‍ മരത്തിന് പുറമേ അഞ്ച് നെല്ലി, നാല് ഉങ്ങ് തുടങ്ങിയ മരങ്ങളും മുറിക്കാന്‍ ലക്ഷ്യമിട്ടതിലുണ്ട്. എം.എല്‍.എ ഫണ്ടില്‍ 50 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. സ്‌കൂള്‍ മുറ്റത്തെ മരം മുറിച്ച് കെട്ടിടം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."