കേന്ദ്രത്തില്‍നിന്ന് ബി.ജെ.പിയെ പുറത്താക്കുകയെന്നത് ലക്ഷ്യം: ഉമ്മന്‍ ചാണ്ടി
എരുമപ്പെട്ടി: കേന്ദ്രത്തില്‍ ഭരണത്തില്‍നിന്ന് ബി.ജെ.പിയെ പുറത്താക്കുകയെന്നതും കേരളത്തില്‍ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കുകയെന്നതുമാണ് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രധാന ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആലത്തൂര്‍ ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ എരുമപ്പെട്ടി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഫാസിസ്റ്റ് ഭരണമാണ് നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കുന്നത്. സര്‍വ മേഖലകളിലും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റ് ശക്തികളാണ്. ആശയം നഷ്ടപ്പെട്ട സി.പി.എം എതിരാളികളെ വകവരുത്തി കൊണ്ടുള്ള ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.
ശബരിമല വിഷയത്തില്‍ യു.ഡി.എഫിന്റെ നിലപാടായിരുന്നു ശരിയെന്ന് തെളിയിക്കപ്പെട്ടു. വര്‍ഗീയ ശക്തികളും നിരീശ്വര യുക്തിവാദികളും തമ്മിലുള്ള ബലപരീക്ഷണം പുണ്യ സ്ഥലമായ ശബരിമലയെ കളങ്കപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ രമ്യ ഹരിദാസ് ഉള്‍പ്പടെയുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ബൂത്ത് ചെയര്‍മാന്‍ പി.എസ്.ബാലകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാ ജോസഫ്, മുന്‍.എം.എല്‍.എ പി.എ മാധവന്‍, യു.ഡി.എഫ് നേതാക്കളായ ജോസഫ് ചാലിശേരി, രാജേന്ദ്രന്‍ അരങ്ങത്ത്, രഘുസ്വാമി, ടി.കെ ശിവശങ്കരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."