പ്രാരംഭ നടപടികള്‍ തുടങ്ങിയില്ല; പിണറായി പൊലിസ് സ്‌റ്റേഷന്‍ ചുവപ്പുനാടയില്‍
പിണറായി: മുഖ്യമന്ത്രിയുടെ സ്വന്തംനാടായ പിണറായി ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പൊലിസ് സ്‌റ്റേഷന്‍ ചുവപ്പുനാടയില്‍ കുടുങ്ങി. പത്തു മാസങ്ങള്‍ക്കു മുന്‍പ് എല്‍.ഡി. എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഈ പൊലിസ് സ്‌റ്റേഷന്‍. ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനാണ് സ്റ്റേഷന്‍ പ്രഖ്യാപിച്ചത്.
അതുകൊണ്ടുതന്നെ പൊലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കല്‍ വേഗത്തില്‍ നടക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ നേരത്തെ ഇതിനായി സ്ഥലം കണ്ടെത്തിയിരുന്ന പഴയ പോസ്റ്റ് ഓഫിസ് പരിസരത്തു ഇപ്പോള്‍ വന്‍കിട ഷോപ്പിങ് മാള്‍ പണിയുകയാണ്. ഇരുപതേക്കറോളം സ്ഥലമാണ് ഇവിടെയുള്ളത്. ഇതിനു ശേഷം കമ്പിനിമെട്ടയില്‍ സ്ഥലം നോക്കിയിരുന്നുവെങ്കിലും അതും ധാരണയായില്ല.
പിണറായി ഗ്രാമപഞ്ചായത്തിലെ പുത്തന്‍കണ്ടം, പെനാങ്കിമെട്ട, പാനുണ്ട എന്നിവടങ്ങള്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് പിണറായിയില്‍ പൊലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുഭരണം വന്നതിനു ശേഷം രണ്ടു രാഷ്ട്രീയകൊലപാതങ്ങളും ഇവിടെ നടന്നു. സി.പി.എം പ്രവര്‍ത്തകനായ രവീന്ദ്രന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രമിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ പുത്തന്‍കണ്ടം കേന്ദ്രീകരിച്ചു ബ്ലേഡ്,ക്വട്ടേഷന്‍ സംഘം വളരുകയും സംഘത്തിലുള്ളവര്‍ തട്ടിക്കൊണ്ടുപോകലടക്കം നിരവധി കേസുകളില്‍ പ്രതിയാവുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ അതിക്രമങ്ങളുടെ ഭാഗമായി പിണറായി ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചോളം വീടുകള്‍ തകര്‍ക്കപ്പെട്ടു.നിരവധിപേര്‍ക്ക് പരുക്കേറ്റു.
ഇതോടെയാണ് പൊലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചത്. പെരളശേരി, പിണറായി, മേലൂര്‍, ചിറക്കുനി, ധര്‍മടം, പാനുണ്ട, പാച്ചപൊയ്ക,കതിരൂര്‍ എന്നീ സ്ഥലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് പിണറായി.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്ന പാറപ്രം പിണറായി ഗ്രാമപഞ്ചായത്തിലാണ്. കതിരൂര്‍,ധര്‍മടം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലങ്ങള്‍. കൂത്തുപറമ്പ് സി.ഐക്കാണ് ഇവിടുത്തെ ക്രമസമാധാനചുമതല. പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയെ കുറിച്ചു ഇതുവരെ ധാരണയായിട്ടില്ല.
അതിര്‍ത്തി വിഭജനവുമായി ബന്ധപ്പെട്ടു ആഭ്യന്തരവകുപ്പിന്റെ മെല്ലപ്പോക്കാണ് പൊലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത് വൈകുന്നതെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."