വൈദ്യുതി മുടങ്ങിയാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പണി 'പാളംതെറ്റും'
കാസര്‍കോട്: വൈദ്യുതി നിലച്ചാല്‍ ജില്ലയിലെ മിക്ക റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തനം താറുമാറാകും. കാസര്‍കോട്, കാഞ്ഞങ്ങാട് അടക്കമുള്ള ജില്ലയിലെ പ്രധാന സ്റ്റേഷനുകള്‍ വൈദ്യതി വിതരണം മുടങ്ങിയാല്‍ ഇരുട്ടിലാകുന്നതാണ് പതിവ്. മിക്ക സ്റ്റേഷനുകളിലും ജനറേറ്റര്‍ സംവിധാനമില്ല. ചില സ്റ്റേഷനുകളില്‍ ജനറേറ്റര്‍ ഉണ്ടെങ്കില്‍ തന്നെ സ്റ്റേഷന്റെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനുള്ള ശേഷി അവയ്ക്കില്ല.
വൈദ്യുതി മുടങ്ങിയാല്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാനാവാതെ സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവും. ഇത് യാത്രക്കാരെയും സ്റ്റേഷന്‍ ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. സ്റ്റേഷനുകളില്‍ നിന്ന് ഡിവിഷണല്‍ ഓഫിസുകളിലേക്ക് പരിമിതികള്‍ സൂചിപ്പിച്ച് നിരവധി തവണ പരാതികളും നിവേദനങ്ങളും അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവയൊന്നും ഫലം കണ്ടിട്ടില്ല.
കാസര്‍കോട് സ്റ്റേഷന്‍
ജില്ലാ ആസ്ഥാനത്തുള്ള സ്റ്റേഷനാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍. നിരവധി പരിമിതികള്‍ നേരിടുന്ന സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങിയാല്‍ അത് കൂനിന്മേല്‍ കുരുവെന്ന സാഹചര്യമാണുണ്ടാക്കുന്നത്.
ജനറേറ്റര്‍ ഉണ്ടെങ്കിലും പരമാവധി അഞ്ചോ ആറോ മണിക്കൂറാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യമായ വെളിച്ചം പോലും ലഭിക്കില്ല. പൂര്‍ണമായി ഈ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. പ്ലാറ്റ് ഫോമും പാര്‍ക്കിങ് ഏരിയയും അടക്കം വൈദ്യുതി മുടങ്ങിയാല്‍ ഇരുട്ടിലാകും.
പ്ലാറ്റ്‌ഫോമിലേക്ക് ഏത് ഭാഗത്തു നിന്നും ആര്‍ക്കും കയറാവുന്ന അവസ്ഥയാണുള്ളത്. അവിടെ മതിലോ യാതൊരു തടസമോ ഇല്ലെന്ന് മാത്രമല്ല കാടുമൂടി കിടക്കുന്നുമുണ്ട്.
അങ്ങനെയിരിക്കെ ഇരുട്ട് കൂടിയായാല്‍ സ്റ്റേഷന്റെയും അവിടെയെത്തുന്ന ജനങ്ങളുടെയും സുരക്ഷയെ തന്നെ ഇത് അപകടത്തിലാക്കുന്നു. എന്നാല്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കാഞ്ഞങ്ങാട്
കാസര്‍കോട് കഴിഞ്ഞാല്‍ ജില്ലയില്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന സ്റ്റേഷനാണ് കാഞ്ഞങ്ങാട്. ഇവിടെ ജനറേറ്റര്‍ സംവിധാനം തന്നെ ഇല്ല. വൈദ്യുതി മുടങ്ങിയാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഒരു മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ലൈറ്റ് മാത്രമാണ് ഇവിടെയുള്ളത്. അതും രണ്ടോ മൂന്നോ മാത്രം. വൈദ്യുതി പണിമുടക്കിയാല്‍ സ്റ്റേഷന്‍ ഇരുട്ടിലാണ്.
വൈദ്യതി മുടങ്ങിയാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളും പണിമുടക്കും. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ട്രെയിനിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയാല്‍ മൊബൈലില്‍ നോക്കി വിവരങ്ങള്‍ നല്‍കേണ്ട ദുരവസ്ഥയാണ് ജീവനക്കാര്‍ക്ക്. അനൗണ്‍സ്‌മെന്റ് സംവിധാനവും വൈദ്യുതി മുടങ്ങിയാല്‍ നിലയ്ക്കും. രണ്ടുമണിക്കൂര്‍ വരെ മാനുവല്‍ അനൗണ്‍സ്‌മെന്റ് ചെയ്യാം. ചാര്‍ജ് തീര്‍ന്നാല്‍ അതും നിലയ്ക്കും.
മറ്റു സ്റ്റേഷനുകളിലെ അവസ്ഥ
ചെറുവത്തൂര്‍, കോട്ടിക്കുളം, കുമ്പള, മഞ്ചേശ്വരം, നീലേശ്വരം, പള്ളിക്കര, ഉപ്പള, തൃക്കരിപ്പൂര്‍ അടക്കമുള്ള ജില്ലയിലെ മറ്റു റെയില്‍വേ സ്റ്റേഷനുകളിലും സ്ഥിതി ഭിന്നമല്ല.
തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങിയാല്‍ ഇന്‍വെര്‍ട്ടറാണ് ആശ്രയം. വിരലിലെണ്ണാവുന്ന ലൈറ്റുകള്‍ മണിക്കൂറുകള്‍ മാത്രം പ്രകാശിക്കും. മറ്റു സ്റ്റേഷനുകളിലും വൈദ്യുതി മുടങ്ങിയാല്‍ മതിയായ വെളിച്ചമില്ലാതെ ജീവനക്കാരും സ്റ്റേഷനിലെത്തുന്നവരും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."