കുടിവെള്ളം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല: സുരേഷ് ഗോപി എം.പി
പയ്യന്നൂര്‍: കുടിവെള്ളം നിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രകൃതിദത്തമായ ജലത്തിന്റെ ഉറവിടത്തില്‍ മാലിന്യം കടത്തിവിടരുതെന്നും സുരേഷ് ഗോപി എം.പി.
രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാമെന്ന വിശ്വാസമുണ്ട്. പ്രശ്നം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ധരിപ്പിക്കുവാന്‍ നേവല്‍ അധികൃതര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അത് പഠിച്ച ശേഷം എത്രയും പെട്ടെന്ന് എന്റെകൂടി തീരുമാനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.
അതോടെ ന്യായമായ സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നുറപ്പുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമരത്തില്‍ തെറ്റായ ഒരു നിര്‍ദേശവും ഇല്ല.
കുടിവെള്ളം സംരക്ഷിച്ചേ മതിയാകൂ. നേവിയെ ഇവിടെ ആരും എതിര്‍ക്കുന്നില്ലെന്നത് സമരത്തിന്റെ സത്യസന്ധത വര്‍ധിപ്പിക്കുന്നു. ആ സ്ഥാപനം ഇവിടെ വരുന്നതില്‍ ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചവരാണ് ഈ ജനത. അക്കാദമിയുടെ മൂന്നാംഘട്ട പ്രവര്‍ത്തിക്കായി 2030 വരെയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ട്.
വികസനം നടക്കുമ്പോള്‍ ഏതു സ്ഥാപനമായാലും അതിന്റെ ചുറ്റുവട്ടത്തുള്ളവരുടെ ജീവിതങ്ങളെ ദുരിതത്തിലാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സമരസമിതി ചെയര്മാന് ആര് കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. കണ്‍വീനര്‍ കെ.പി രാജേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."