വേളം സംഘര്‍ഷം: പത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു
കുറ്റ്യാടി: വേളം പൂമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ ലീഗ്-പൊലിസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്ത് ലീഗ് പ്രവര്‍ത്തകരെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു. കക്കാട്ട് അജ്മല്‍ (23) തീക്കുനി, തയ്യുള്ളതില്‍ മുന്‍സിര്‍ (23) തീക്കുനി, അരയാക്കൂല്‍ സിറാജ് (37) പൂമുഖം, പുത്തന്‍പുരയില്‍ മുഹമ്മദ് ഫസല്‍ (24) തീക്കുനി, ചേണാര്‍കണ്ടി മുനീസ് (20) തീക്കുനി, പുറംചാലില്‍ ഫിറോസ് (25) തീക്കുനി, വടക്കയില്‍ ഫാസില്‍ (21) തീക്കുനി, കല്ലില്‍കുനി ഇസ്മാഈല്‍ (40) പൂമുഖം, കളരിക്കാംപൊയ്യില്‍ നസീര്‍ (34)ചെറുകുന്ന്, പുളിഞ്ഞോളി മുഹമ്മദ് (20) പുത്തലത്ത് എന്നിവരെയാണ് കുറ്റ്യാടി സി.ഐ ടി. സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപത്തിനു വേണ്ടി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും പൊലിസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം ഉന്നത പൊലിസ് ഉദ്യോഗസ്ഥരായ കണ്ണൂര്‍ റേഞ്ച് ഐ.ജി എസ്. മഹിപാല്‍ മീണ ഐ.പി.എസ്, ജില്ലാ പൊലിസ് മേധാവി എം. പുഷ്‌കരന്‍ ഐ.പി.എസ്, നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മാഈല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മണ്ഡലം പ്രചാരണജാഥക്ക് സുരക്ഷയൊരുക്കിയ പൊലിസ് സംഘവും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പൊലിസ് വാനും പേരാമ്പ്ര സി.ഐ സുനില്‍കുമാറിന്റെ ജീപ്പും തകര്‍ക്കുകയും മൂന്നു പൊലിസുകാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."