പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകാനിരുന്ന മലയാളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകാനിരുന്ന മലയാളിക്ക് സഊദിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. അടുത്തയാഴ്ച നാട്ടില്‍ പോകാനിരുന്ന പാലക്കാട് മങ്കര മാങ്കുറുശ്ശി സ്വദേശി തോണി പറമ്പില്‍ രാമന് കുട്ടിയുടെ മകന് വിനീതാണ് (31) വാഹനാപകടത്തില്‍ മരിച്ചത്.
റിയാദ് പ്രവിശ്യയിലെ ദവാദ്മി പട്ടണത്തില്‍ നിന്ന് 160 കിലോമീറ്ററകലെ നെസി പട്ടണത്തിന് സമീപം അബൂറഖബില്‍ ബുധനാഴ്ച രാവിലെ തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടം.
കൂടെയുണ്ടായിരുന്ന രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശിക്കും പരുക്കേറ്റു. അല്‍ മജാല്‍ കമ്പനിയില്‍ ജോലിക്കാരനായ ഇദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് കീഴ്മേല്‍ മറിഞ്ഞാണ് അപകടം.
ഗുരുതര പരുക്കേറ്റ വിനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരില്‍ അതീവ ഗുരുതര പരുക്കേറ്റയാളെ റിയാദിലെ ആശുപത്രിയിലും രണ്ടുപേരെ ദവാദ്മി ജനറല്‍ ആശുപത്രിയിലും നെസി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റിയാദിലെയും ദവാദ്മിയിലെയും ആശുപത്രികളില്‍ കഴിയുന്നവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അടുത്തയാഴ്ച ഇഖാമയുടെ കാലാവധി കഴിയുമ്പോള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവിനീത്.
വിജയകുമാരിയാണ് അമ്മ. മൂന്ന് മക്കളില്‍ മൂത്തയാളാണ് വിനീത്. സഹോദരന് ഒമാനില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ അയക്കുന്നതിന് ദവാദ്മി കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
മരണപ്പെട്ട വിനീത് നാലുവര്‍ഷം മുമ്പാണ് സഊദിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."