ശ്രീമതിയുടെയും വീണാജോര്‍ജിന്റെയും ശബ്ദമില്ലാതെ 'സ്ത്രീശബ്ദം'
കാസര്‍കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തില്‍ നില്‍ക്കേ പുറത്തിറങ്ങിയ സി.പി.എം പോഷക സംഘടനകളുടെ രണ്ട് മാസികകള്‍ അണികളില്‍ ചൂടേറിയ ചര്‍ച്ചയാവുന്നു. സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ മുഖമാസികയായ 'യുവധാര'യും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുഖമാസികയായ 'സ്ത്രീശബ്ദ'വുമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. യുവധാര കേരളത്തിലെ 20 ഇടതുസ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്താന്‍ പേജുകള്‍ നീക്കിവച്ചപ്പോള്‍, സ്ത്രീശബ്ദമാകട്ടെ, ഇടതുസ്ഥാനാര്‍ഥികളെ പോയിട്ട് വനിതാ സ്ഥാനാര്‍ഥികളെപോലും പരാമര്‍ശിച്ചതേയില്ല.
യുവധാരയുടെ ഏപ്രില്‍ ലക്കത്തില്‍ 43 പേജുകളിലായി കേരളത്തിലെ ഇടതുസ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയപ്പോള്‍ ഒരു പേജില്‍ ലക്ഷദ്വീപിലെ ഇടതുസ്ഥാനാര്‍ഥി എം.പി ഷെരീഫ് ഖാനെയും പരിചയപ്പെടുത്തുന്നു. 20 സ്ഥാനാര്‍ഥികളെയും വിശദമായി യുവധാര പരിചയപ്പെടുത്തുമ്പോള്‍ കേരളത്തിലെ ഇടതുസ്ഥാനാര്‍ഥികളെയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും എം.പിയും മുന്‍മന്ത്രിയുമായ കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെയും പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജ് എം.എല്‍.എയെയും പേരിന് പോലും സ്ത്രീശബ്ദം പരിഗണിച്ചില്ലെന്നാണ് അണികള്‍ ഉയര്‍ത്തുന്ന ആക്ഷേപം. തെരഞ്ഞെടുപ്പുകാലത്ത് ഇറങ്ങുന്ന ലക്കത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനുപകരം കച്ചവട സിനിമകളുടെ റിവ്യൂകളും മറ്റും കുത്തിത്തിരുകിയത് സി.പി.എം അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തെ തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റുകളെ കുറിച്ച് ചരിത്രം സൃഷ്ടിച്ച വനിതാ പാര്‍ലമെന്റ് എന്ന നെടുനീളന്‍ ലേഖനം സ്ത്രീശബ്ദത്തിലുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന മറ്റൊരു ലേഖനവും അതിക്രമങ്ങള്‍ പെരുകുമ്പോള്‍ കാവല്‍ക്കാരന്‍ നിശബ്ദനോയെന്ന ലേഖനവും മാത്രമാണ് ഇടതുപക്ഷത്തിന് നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലിറങ്ങിയ വനിതാ സംഘടനയുടെ മുഖമാസികയില്‍ ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനുമായി കനത്ത പോരാട്ടം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചെലവില്ലാതെ മികച്ച രീതിയില്‍ പി.കെ ശ്രീമതിയെ ഇടതുവോട്ടര്‍മാര്‍ക്കെങ്കിലും നന്നായി പരിചയപ്പെടുത്താവുന്ന അവസരമാണ് സ്ത്രീശബ്ദം കളഞ്ഞുകുളിച്ചതെന്നാണ് വിമര്‍ശനം.
പത്തനംതിട്ടയില്‍ മത്സരിക്കുന്ന സിറ്റിംങ് എം.എല്‍.എ വീണാ ജോര്‍ജും മറ്റ് രണ്ടു മുന്നണികളുമായി കനത്ത പോരാട്ടത്തിലാണ്. വീണാ ജോര്‍ജിനെ വിജയിപ്പിക്കാന്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തുള്ളപ്പോഴാണ് മുഖമാസിക ഇവരെ തമസ്‌കരിച്ചതെന്നാണ് മറ്റൊരു ആരോപണം.
പി.കെ ശ്രീമതിയെയും വീണാ ജോര്‍ജിനെയും വിസ്മരിച്ച സ്ത്രീശബ്ദത്തില്‍ ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെയും അവാര്‍ഡ് നേടിയ സിനിമയായ കാന്തന്റെയുമൊക്കെ റിവ്യൂ നന്നായി കൊടുത്തിട്ടുണ്ടെന്നത് അണികളെ ചൊടിപ്പിക്കുന്നു. യുവധാരയുടെ പുറം പേജില്‍ എല്ലാ ഇടതുസ്ഥാനാര്‍ഥികളുടെയും ഫോട്ടോ പരസ്യം ഉണ്ടെങ്കിലും സ്ത്രീശബ്ദത്തില്‍ അതുമില്ല. മാത്രമല്ല, ഒരു പേജില്‍ സ്ത്രീശബ്ദത്തിന്റെ തന്നെ പരസ്യം കൊടുത്തതും ചൂണ്ടിക്കാട്ടിയാണ് ഇലക്ഷന്‍ ലക്കത്തിന്റെ ഗൗരവം ഇല്ലായ്മയെ സി.പി.എം അണികള്‍ ചൂണ്ടിക്കാട്ടുന്നത്. ഒഴിവാക്കാവുന്ന നിരവധി പംക്തികള്‍ ഉണ്ടായിട്ടും അതൊന്നും ചെയ്യാതെ സി.പി.എമ്മിന്റെ രണ്ട് വനിതാ പ്രതിനിധികളെയും മറ്റ് ഇടതുസ്ഥാനാര്‍ഥികളെയും സി.പി.എമ്മിന്റെ വനിതാ പോഷക സംഘടനയുടെ മാസിക പരാമര്‍ശിക്കാതെ പോയത് നേതൃത്വവും ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."