മണിക്കെതിരായ കോടതി പരാമര്‍ശവും സെന്‍കുമാറും: സഭ തുടര്‍ന്നും പ്രക്ഷുബ്ധമാകും
തിരുവനന്തപുരം: മണിക്കെതിരായ കോടതി പരാമര്‍ശവും സെന്‍കുമാര്‍ വിഷയവും പ്രതിപക്ഷം ആയുധമാക്കുന്നതിലൂടെ നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം നാളെ ചേരുന്ന നിയമസഭാ സമ്മേളനവും പ്രക്ഷുബ്ധമാകും.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്ന ആവശ്യവുമായി തുടക്കത്തില്‍ രണ്ടു ദിവസം സഭ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന്റെ കൈയില്‍ ഇപ്പോള്‍ പോരിനു മണിക്കെതിരായ ഹൈക്കോടതി പരാമര്‍ശവും സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ തുടരുന്ന നിയമ പോരാട്ടവുമുണ്ട്.
രണ്ടും പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
മണി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപ്പു സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും സഭാനടപടികള്‍ തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യ നിയമസഭയുടെ അറുപതാം വാര്‍ഷിക ദിനമായ കഴിഞ്ഞ വ്യാഴാഴ്ച പഴയ സഭാഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനവുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സഭാസമ്മേളനം മാറ്റിയിരുന്നു.
പിറകെ മൂന്ന് അവധി ദിനങ്ങളും കഴിഞ്ഞാണ് നാളെ സഭ ചേരുന്നത്. ഈ ഇടവേളയിലാണ് മണിക്കെതിരേ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്. മണിയുടെ വിവാദ പ്രസംഗം ഏറെ ഗൗരവമുള്ളതാണെന്നു വിലയിരുത്തിയ കോടതി, എന്തും ആവാമെന്ന സ്ഥിതിയാണോ ഉള്ളതെന്നും പൊലിസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു. മണിയുടെ രാജിവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ മുനീറും വ്യക്തമാക്കിയിട്ടുമുണ്ട്.
ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. വിധി നടപ്പാക്കേണ്ടതാണെന്ന നിയമോപദേശം ലഭിച്ചിട്ടും അതു നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് സര്‍ക്കാര്‍. ഇതിനെതിരേ സെന്‍കുമാര്‍ വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ സര്‍ക്കാരിനെതിരേ കോടതയിലക്ഷ്യ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതി വിധി ലംഘിക്കുന്നു എന്ന ആരോപണം സഭയില്‍ ശക്തമായി ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. രണ്ടു വിഷയങ്ങളും ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിച്ചാല്‍ സഭാനടപടികള്‍ തടസപ്പെടാനാണ് സാധ്യത.
സെന്‍കുമാറിന്റെ ഹരജിയില്‍ സര്‍ക്കാരിനെതിരേ സുപ്രിം കോടതിയുടെ പരാമര്‍ശമുണ്ടായാല്‍ അതും പ്രതിപക്ഷത്തിന് ആയുധമാകും.
കൂടാതെ മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കലും പ്രതിപക്ഷത്തിനു തുണയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."