ഇന്ത്യന്‍ സമ്പദ്ഘടന സമ്പന്നമാക്കാന്‍ എന്‍.ഡി.എയെ താഴെയിറക്കണം: സമദാനി
പയ്യന്നൂര്‍: സാമ്പത്തികമായി തകര്‍ന്ന ഇന്ത്യയെ പുനര്‍നിര്‍മിച്ച് സമ്പദ്ഘടന സമ്പന്നമാക്കാന്‍ എന്‍.ഡി.എ സര്‍ക്കാറിനെ താഴെയിറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദു സമദ് സമദാനി പറഞ്ഞു. ഈ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ പരിഹാരം എളുപ്പമല്ലാത്ത ദേശീയ ദുരന്തത്തിലേക്കാണ് ഇന്ത്യയെ തള്ളിയത്.
പയ്യന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി.
പത്തുകോടി പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവരുടെ ഭരണകാലത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി. 45 വര്‍ഷത്തെ റെക്കോര്‍ഡിലേക്ക് അത് ഉയര്‍ന്നു. 6.1 ശതമാനമാണ് ഈ വര്‍ധന.
അടിസ്ഥാന പ്രശ്‌നങ്ങള്‍ മൂടിവയ്ക്കാന്‍ വൈരവും വിദ്വേഷവും വംശീയ, വര്‍ഗീയ വികാരങ്ങളും ഇളക്കി വിടുകയാണവര്‍. അത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ ജനത ഒരു ജനാധിപത്യ, മതേതര സര്‍ക്കാറിനെ അധികാരത്തിലേറ്റുക തന്നെ ചെയ്യും. ഹിംസയുടെയും പകയുടെയും തത്ത്വശാസ്ത്രങ്ങളില്‍ നിന്ന് ഒരു വിഭാഗവും സുരക്ഷിതരല്ലാത്ത സാഹചര്യമാണിന്ന്. മതേതര ഭരണകൂടത്തിനു മാത്രമേ ഈ തിക്ത സന്ധിയില്‍ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ജയരാജന്‍ സ്വാഗതം പറഞ്ഞു. കെ.ടി സഅദുല്ല, എം. നാരായണന്‍കുട്ടി അഡ്വ: ഡി.കെ ഗോപിനാഥ്, എസ്.എ ഷുക്കൂര്‍ ഹാജി, വി.കെ ഷാഫി, സജിത് ലാല്‍ എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."