മലബാറില്‍ സി.പി.എമ്മിനും യു.ഡി.എഫിനും'ദേശീയ പോരാട്ടം'
കോഴിക്കോട്: കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ ശേഷിക്കേ മലബാറില്‍ സി.പി.എമ്മിനും യു.ഡി.എഫിനും തെരഞ്ഞെടുപ്പ് 'ദേശീയ' പോരാട്ടമാണ്. പാലക്കാട് മുതല്‍ കാസര്‍കോട് വരെ ഒന്‍പത് ലോക്‌സഭാ സീറ്റുകളില്‍ കഴിയുന്നത്ര വിജയം. സി.പി.എമ്മിന് ദേശീയ കക്ഷി സ്ഥാനം നിലനിര്‍ത്താന്‍ അതു നിര്‍ണായകവുമാണ്. പരമ്പരാഗതമായി പാര്‍ട്ടി കോട്ടകള്‍ എന്നു വിലയിരുത്തുന്ന മണ്ഡലങ്ങള്‍ സി.പി.എമ്മിന് മലബാറില്‍ ഉണ്ടായിരുന്നു. വലിയ രാഷ്ട്രീയ സുനാമിയിലും ഒലിച്ചുപോകാതിരുന്ന ഈ മണ്ഡലങ്ങള്‍ ഇത്തവണ കാക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലനില്‍പ്പിന്റെ രാഷ്ട്രീയം മുന്നില്‍കണ്ടാണ് സി.പി.എം പ്രചാരണം.
ഇനി വിധിയെഴുത്താണ്. മലബാറിലെ വോട്ടര്‍മാര്‍ എഴുതുന്ന അന്തിമ വിധി സി.പി.എമ്മിന്റെ രാഷ്ട്രീയ ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വയനാടന്‍ ചുരം കയറി രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വരവും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ദേശീയതയും മലബാറിലെ തെരഞ്ഞെടുപ്പ് അജന്‍ഡ നിര്‍ണയിച്ചപ്പോള്‍ ഫലങ്ങള്‍ പ്രവചനാതീതമായി. കണക്കിലെ കളികള്‍ക്കപ്പുറം മണ്ഡലങ്ങളിലെ അടിയൊഴുക്കുകളും നിര്‍ണായകമാണ്. വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വമൊഴിച്ചാല്‍ ഇക്കുറിയും മലബാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എന്‍.ഡി.എക്ക് കാര്യമായ സ്ഥാനമില്ല.
ഉറച്ച കോട്ടയായിരുന്നു എല്‍.ഡി.എഫിന് കാസര്‍കോട്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തുകയും രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണ കൊലപാതകങ്ങള്‍ പ്രചാരണ വിഷയമാവുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായി. മണ്ഡലത്തിന്റെ മനഃസാക്ഷിക്കേറ്റ മുറിവാണ് അരുംകൊല. ആ ചിത കാസര്‍കോട്ടുകാരുടെ മനസിന്റെ നീറ്റലാണ്. ഇത് മറികടക്കാന്‍ മണ്ഡലത്തിന്റെ ഇടതുമനസിനും മുന്‍ എം.എല്‍.എ കൂടിയായ കെ.പി സതീഷ് ചന്ദ്രന്റെ ജനകീയതയ്ക്കും ആകുമോയെന്നാണ് അറിയേണ്ടത്.
കണ്ണൂരില്‍ വികസനത്തിന് വോട്ടഭ്യര്‍ഥിച്ചാണ് ഇടതു സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പി.കെ ശ്രീമതി പ്രചാരണം തുടങ്ങിയത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കെ. സുധാകരന്‍ വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരം തീപാറി. 2014ലും ഇവര്‍ തമ്മിലായിരുന്നു മത്സരം. വിജയം ശ്രീമതിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുള്‍പ്പെടെ നേടാനുള്ള പ്രചാരണമാണ് യു.ഡി.എഫ് ക്യാംപിന്റേത്. വികസത്തിലൂന്നിയാണ് ശ്രീമതിയുടെ പ്രചാരണം. മറ്റൊരിടത്തും കാണാത്തത്ര പ്രചാരണ ബോര്‍ഡുകള്‍ കണ്ണൂരില്‍ ശ്രീമതിക്കായി നിറഞ്ഞെങ്കിലും പ്രധാന സി.പി.എം നേതാക്കളെല്ലാം തൊട്ടടുത്ത മണ്ഡലമായ വടകരയിലും കാസര്‍കോടും പ്രചാരണത്തിന് പോയത് പ്രചാരണത്തെ ബാധിച്ചു.
വടകരയിലാണ് അങ്കം രൂക്ഷം. എം.എല്‍.എകൂടിയായ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഏറെ വൈകിയാണ് എത്തിയതെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ ഒപ്പം പാഞ്ഞെത്തി. മണ്ഡലത്തിലെ ചര്‍ച്ച കൊലപാതക രാഷ്ട്രീയമായി. പാനൂരും കൂത്തുപറമ്പും തലശ്ശേരിയും നാദാപുരവും ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ അക്രമരാഷ്ട്രീയം എത്ര പേരുടെ മനസിന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം. എല്‍.ഡി.എഫിന് ഏറെ മുന്‍തൂക്കമുള്ള വടകര രണ്ടു തവണ തുണച്ചത് യു.ഡി.എഫിനെ. ഇക്കുറിയും അതങ്ങനെതന്നെയാവുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിന്.
വയനാട്ടില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് ക്യാംപില്‍ ചര്‍ച്ചാവിഷയം. എല്‍.ഡി.എഫ് ക്യാംപില്‍ ചിട്ടയായ പ്രചാരണം അവസാനനിമിഷവും നടക്കുന്നുവെന്നത് ശ്രദ്ധേയം. ദേശീയ നേതാക്കള്‍ യു.ഡി.എഫ്, എന്‍.ഡി.എ ക്യാംപിലെത്തി. ദേശീയ പ്രാധാന്യമുള്ള മത്സരം നടക്കുന്ന മണ്ഡലത്തില്‍ ശക്തമായി ചുവടുറപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറും പ്രചാരണ രംഗത്തുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണം കൊഴുപ്പിച്ചു.
ഒളിക്യാമറ വിവാദമാണ് കോഴിക്കോട് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ സജീവമാകുന്നത്. യു.ഡി.എഫിന്റെ എം.കെ രാഘവനും എല്‍.ഡി.എഫിന്റെ എ. പ്രദീപ് കുമാറും തമ്മിലുള്ള മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതിനിടെയാണ് ഒളിക്യാമറ വിവാദം രാഘവനുമേല്‍ ഇടിത്തീയായത്. തന്നെ അറിയുന്ന മണ്ഡലത്തില്‍ കെട്ടിച്ചമച്ച ആരോപണങ്ങള്‍ വിലപ്പോവില്ലെന്ന് രാഘവന്‍ ഉറച്ചുവിശ്വസിക്കുന്നു.
പൊന്നാന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറും തമ്മിലുള്ള മത്സരത്തിനുമുണ്ട് വീറും വാശിയും. വിജയത്തില്‍ കുറഞ്ഞൊന്നും ഇ.ടിയുടെ അജന്‍ഡയിലില്ല. ന്യൂനപക്ഷ വിഷയങ്ങളിലൂന്നിയ പ്രചാരണമാണ് മണ്ഡലത്തില്‍.
മലപ്പുറത്തിന്റെ മനസ് മാറ്റാമെന്ന് കൊട്ടിക്കലാശ ദിനവും ആരും കരുതുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും ഓടിയെത്തി പ്രചാരണം കൊഴുപ്പിക്കുന്നു. മലപ്പുറത്ത് എല്‍.ഡി.ഫ് സ്ഥാനാര്‍ഥി വി.പി സാനുവിന് മത്സരം ഒരു രാഷ്ട്രീയ പഠനമായിരിക്കും. വികസനമില്ലായ്മ പറഞ്ഞാണ് സാനു വോട്ട് തേടുന്നത്.
ആലത്തൂരില്‍ എല്‍.ഡി.എഫിന്റെ പി.കെ ബിജുവും യു.ഡി.എഫിന്റെ രമ്യ ഹരിദാസും തമ്മിലുള്ള മത്സരത്തിനും ചൂടേറെ. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജുവിന് ശക്തമായ വെല്ലുവിളിയാണ് രമ്യ ഉയര്‍ത്തിയിരിക്കുന്നത്. രമ്യാഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ അശ്ലീല പരാമര്‍ശം സംസ്ഥാനം കണ്ട ശ്രദ്ധേയമായ വിവാദങ്ങളില്‍ ഒന്നാണ്.
പാലക്കാട്ടെ പരമ്പരാഗത ഇടതുവോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സിറ്റിങ് എം.പി എം.ബി രാജേഷിന്റെ പ്രചാരണം. വികസനവും രാജേഷ് വോട്ടമാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. പ്രചാരണത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."