ആഗോള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാകണം: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ
കൊച്ചി: ആഗോളതലത്തില്‍ മാധ്യമരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയാറാകണമെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമരംഗം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ചെറുകിട പത്രങ്ങളെപോലും ഇത്തരം മാറ്റങ്ങള്‍ മുന്‍പന്തിയിലേക്ക് നയിക്കും. മാധ്യമപ്രവര്‍ത്തകരുടെ കൈകാലുകള്‍ കെട്ടാതെയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമരംഗത്തെ ഉന്നതിയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്റെ സംസ്ഥാന സമ്മേളനം ഫോര്‍ട്ടുകൊച്ചിയിലെ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രഭാതം പത്രത്തിന്റെ കെട്ടും മട്ടും ആഴവും വേറിട്ടതായതുകൊണ്ടാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാവര്‍ക്കും സ്വീകാര്യമായത്. ഓരേ സമയം കേരളത്തിലുടനീളം ലഭ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞ സുപ്രഭാതം പൊതുസ്വീകാര്യത നേടുന്നതില്‍ വിജയിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം വി അബ്ദുല്‍ മജീദ് അധ്യക്ഷനായി. കൊച്ചിന്‍ കോര്‍പറേഷന്‍ നഗരാസൂത്രണസമിതി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, കോര്‍പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ്, കണ്ടം കുളത്തി ആയുര്‍വേദശാല മാനേജിങ് ഡയറക്ടര്‍ ഫ്രാന്‍സിസ് പോള്‍ കണ്ടംകുളത്തില്‍ , കളമശ്ശേരി വഫിയ കോളജ് വര്‍ക്കിങ് ചെയര്‍മാന്‍ ഹുസൈന്‍ഹാജി പ്രസംഗിച്ചു.
സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റിയുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ സെഷനില്‍ ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ് റിപ്പോര്‍ട്ടും ജോയിന്റ് സെക്രട്ടറി യു.എച്ച് സിദ്ദീഖ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി.കെ ജോഷി, കെ ഗിരീഷ്‌കുമാര്‍, ബാസിത് ഹസന്‍, അഷറഫ് ചേരാപുരം, അന്‍സാര്‍ മുഹമ്മദ്, സി.പി സുബൈര്‍, സുനി അല്‍ഹാദി, മഹേഷ് ബാബു എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ വൈസ് പ്രസിഡന്റ് ഷിജിത്ത് കാട്ടൂര്‍ നന്ദി പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവച്ചവരെ ചടങ്ങില്‍ ആദരിച്ചു. പുതിയ ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."