ചൂടിനെപ്പറ്റി തന്നെ
ഭൂമിയെക്കുറിച്ച്, ചുറ്റുപാടിലെ പ്രധാന പ്രശ്‌നത്തെക്കുറിച്ചു ചോദിച്ചാല്‍ നമുക്ക് ആദ്യം പറയാനുള്ളത് ഉയരുന്ന അന്തരീക്ഷ താപനിലയെക്കുറിച്ചായിരിക്കും. ദിവസം തോറും ഉയര്‍ന്നു കൊണ്ടിട്ടിക്കുന്ന ചൂടിനെക്കുറിച്ചാണ് ചര്‍ച്ച മുഴുവന്‍. ചൂട് കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു പറയാം.
നിസാരമായ ചൂടുകുരുവില്‍ തുടങ്ങി നിര്‍ജലീകരണം, മൂത്രത്തില്‍ പഴുപ്പ്, ജീവഹാനിക്കു വരെ കാരണക്കാരനായേക്കാവുന്ന സൂര്യാഘാതം വരെ ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
സാധാരണ ഗതിയില്‍ ശരീര താപനിലയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപോത്തലാമസ് എന്ന ഭാഗമാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത്, ശരീര താപനില വര്‍ധിക്കാന്‍ കാരണമാകുകയും അത് സ്വാഭാവിക ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ചൂട് കൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത് മുതിര്‍ന്നവര്‍, കൂടുതല്‍ കായികക്ഷമത ആവശ്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരിലാണ്. വിയര്‍പ്പ് വര്‍ധിപ്പിച്ചും ശരീരത്തില്‍ നിന്നുള്ള സോഡിയത്തിന്റെ നഷ്ടം തടഞ്ഞു കൊണ്ടും ആണ് നമ്മുടെ ശരീരം ഉയര്‍ന്ന താപനിലയില്‍ പിടിച്ചുനില്‍ക്കുന്നത്. ചൂട് കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളെന്തൊക്കെ എന്നു നോക്കാം:
ചൂട് കുരു
വേനല്‍ക്കാലത്ത് സാധാരണമായി കണ്ടു വരുന്ന ചെറിയ കുരുക്കളാണിത്. വിയര്‍പ്പ് ഗ്രന്ഥികള്‍ അടയുന്നത് വഴിയാണ് ഇവ ഉണ്ടാകുന്നത്. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വഴിയും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വഴിയും ഇത് തടയാം.
പേശികളുടെ കോച്ചിപ്പിടുത്തം (heat cramps)
ശരീരത്തിലെ സോഡിയത്തിന്റെ അളവിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. ചൂടുകാലത്ത് കൂടുതല്‍ കായികാധ്വാനം ചെയ്യുന്നവരില്‍ കൂടുതലായി വിയര്‍ക്കാനുള്ള സാധ്യത ഉണ്ട്. വിയര്‍പ്പു വഴി അമിത സോഡിയം നഷ്ടം സംഭവിക്കുന്നു. ഇത് പേശികളുടെ വേദനയ്ക്കും കോച്ചിപ്പിടുത്തതിനും കാരണമാകുന്നു. ഈ അവസ്ഥയില്‍ ഏറ്റവും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന പ്രാഥമിക കാര്യം ഉപ്പിട്ട വെള്ളം കുടിക്കുക എന്നുള്ളതാണ്.
Heat syncope
ഉയര്‍ന്ന താപനിലയില്‍ രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന മറ്റൊരു ശാരീരിക പ്രശ്‌നമാണ് Heat syncope. ഓക്കാനം, തലകറക്കം, ക്ഷീണം, വിഭ്രാന്തി, തലവേദന എന്നിവയൊക്കെയാണ് പ്രഥമ ലക്ഷണങ്ങള്‍. രക്ത സമ്മര്‍ദം കുറയുക, ബോധക്ഷയം തുടങ്ങിയ സങ്കീര്‍ണ്ണതകളും ഇത് വഴി ഉണ്ടാകാം. രോഗിയെ ഉയര്‍ന്ന താപനില ഉള്ള ചുറ്റുപാടില്‍ നിന്നു മാറ്റുക, ഇറുകിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുക, ശരീരം തണുപ്പിക്കുക. ജലവും ലവണങ്ങളും നല്‍കുക എന്നുള്ളതാണ് ചെയ്യാനുള്ളത്.
Heat exhaustion
ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്നതിനെ (40 ഡിഗ്രി സെല്‍ഷ്യസ് വരെ) heat exhaustion എന്നു പറയുന്നു. കൂടിയ വിയര്‍പ്പ്, നിര്‍ജലീകരണം, തളര്‍ച്ച, വര്‍ധിച്ച ഹൃദയമിടിപ്പ്, തലവേദന, അസ്വസ്ഥത എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ വായ് വഴിയോ ഞരമ്പിലെ ഇഞ്ചക്ഷന്‍ വഴിയോ ജലവും ലവണങ്ങളും ധാരാളമായി നല്‍കുക.
സൂര്യാതപം
സൂര്യാതപം (sun-burn) ആണ് മറ്റൊരു പ്രശനം. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. വെള്ളം തട്ടുമ്പോള്‍ ഉള്ള നീറ്റല്‍ ആയും, ചുവന്നു തിണര്‍ത്ത പാടുകളായും ആണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്. വെയിലില്‍ നടക്കുമ്പോള്‍ കുട ഉപയോഗിക്കുക, മുഴുനീളന്‍ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, ൗെി രെൃലലി ലോഷനുകള്‍ പുരട്ടുക തുടങ്ങിയവയാണ് സൂര്യാതപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ചെയ്യേണ്ടത്.
സൂര്യാഘാതം
ശരീര താപനില 40 ഡിഗ്രി സേല്‍ഷ്യസിനു മുകളില്‍ ഉയരുന്ന അവസ്ഥയാണ് സൂര്യാഘാതം (heat stoke). സങ്കീര്‍ണതകള്‍ ഉണ്ടാവാനും, ജീവന് തന്നെ അപകടമുണ്ടാവാനും സൂര്യാഘാതം വഴി സാധ്യത ഉണ്ട്. തലവേദന, ഓക്കാനം, ഛര്‍ദി, വിറയല്‍, സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം എന്നിവ ഉണ്ടാകുന്നു. ചര്‍മത്തില്‍ തീരെ വിയര്‍പ്പ് ഇല്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. സൂര്യാഘാതം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും തടസ്സപ്പെടുത്തുന്നു. രോഗിക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുക.
ഉയര്‍ന്ന താപനില കൊണ്ടുള്ള പ്രശ്‌നങ്ങളെ എങ്ങനെ പ്രാഥമികമായി കൈകാര്യം ചെയ്യാം?
.രോഗിയെ ചൂട് കുറഞ്ഞ അന്തരീക്ഷത്തിലേക്ക് മാറ്റുക
.ഇറുകിയ വസ്ത്രങ്ങള്‍ മാറ്റുക
.ശരീരം തണുപ്പിക്കുക
.ധാരാളം വെള്ളം കുടിക്കാനായി നല്‍കുക
.എത്രയും പെട്ടെന്ന് വൈദ്യ സഹായം
ലഭ്യമാക്കുക
ഉയരുന്ന ചൂടിനെ എങ്ങനെ പ്രതിരോധിക്കാം?
ധാരാളം വെള്ളം കുടിക്കുക, ചുരുങ്ങിയത് മൂന്നു ലിറ്റര്‍ ദിവസവും. കഞ്ഞി വെള്ളം, ഉപ്പിട്ട നാരങ്ങാ വെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ ലവണ നഷ്ടം കൂടി തടയുന്നു.
.കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കുന്നുണ്ട് എന്നുള്ളത് കൂടി ശ്രദ്ധിക്കണം
.കൃത്രിമപാനീയങ്ങള്‍, ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക
.കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
.പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
.മാംസം, കൊഴുപ്പ് തുടങ്ങിയവ കുറയ്ക്കുക
.ഉച്ച സമയത്തെ (11 മണി മുതല്‍ 3 മണി വരെ) വെയിലില്‍ നിന്നു മാറി നില്‍ക്കുക
.തണുത്ത വെള്ളത്തില്‍ ദിവസവുമുള്ള കുളി
.അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."